ഹണിട്രാപ്പിൽ പെടുത്തി ഭീഷണി; യുവതിയും ഭർത്താവുമടക്കം നാലുപേർ അറസ്റ്റിൽ
എടക്കര: ഹണിട്രാപ്പിൽ പെടുത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പള്ളിക്കുത്ത് സ്വദേശി തോണ്ടുകളത്തിൽ രതീഷ് (42) ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയും ഭർത്താവുമടക്കം നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പള്ളിക്കുത്ത് സ്വദേശിനി ഇടപ്പലം സിന്ധു (41), ഭർത്താവ് ശ്രീരാജ് (44), സിന്ധുവിന്റെ ബന്ധുവായ പള്ളികുത്ത് കൊന്നമണ്ണ മടുക്കോലിൽ പ്രവീൺ (38), നാട്ടുകാരനും ശ്രീരാജിന്റെ സുഹൃത്തുമായ കാക്കനാട്ടു പറമ്പിൽ മഹേഷ് (25) എന്നിവരെയാണ് സി.ഐ ടി.വി.ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പള്ളിക്കുത്ത് സ്വദേശിയും ഡൽഹിയിൽ വ്യവസായിയും സ്ഥിരതാമസക്കാരനുമായ രതീഷ് പള്ളിക്കുത്തുള്ള വീട്ടിൽ വെച്ച് ജൂൺ 11 ന് രാവിലെ 11.30ഓടെ ആത്മഹത്യ ചെയ്തത്. തുടർന്ന് എടക്കര പൊലീസ് അസ്വഭാവിക മരണത്തിന് കേസ്സ് രജിസ്റ്റർ ചെയ്തു. രതീഷിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴികൾ രേഖപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ട രതീഷ് ഹണി ട്രാപ്പിന് ഇരയായതായി സൂചന ലഭിച്ചത്. തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ.അബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മരണപ്പെട്ട രതീഷും സിന്ധുവും ബന്ധുക്കളും സഹപാഠികളുമായിരുന്നു. സിന്ധു പലപ്പോഴായി പല ആവശ്യങ്ങൾ പറഞ്ഞ് രതീഷിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. രതീഷ് പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പണം തിരിച്ചു കൊടുക്കാതിരിക്കാനും രതീഷിൽ നിന്നും കൂടുതൽ പണം തട്ടിയെടുക്കാനും വേണ്ടി സിന്ധുവും ഭർത്താവ് ശ്രീരാജും ചേർന്ന് പദ്ധതി തയ്യാറാക്കി. സഹായത്തിനായി മഹേഷിനേയും പ്രവീണിനേയും കൂടെ കൂട്ടി. സഹോദരന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ രതീഷ് നാട്ടിലെത്തിയ സമയത്ത് സിന്ധു പണം തിരികെ നൽകാമെന്ന് പറഞ്ഞ് 2024 നവംബർ 1ന് രതീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. വീട്ടിലെത്തിയ രതീഷിനെ പ്രതികൾ മുറിയിൽ പൂട്ടിയിട്ട് മർദ്ധിച്ച് അവശനാക്കി, നഗ്ന വീഡിയോ പകർത്തി. തുടർന്ന് ശ്രീരാജും സിന്ധുവും രതീഷിനോട് കൂടുതൽ പണം ആവശ്യപ്പെടുകയും നൽകിയില്ലെങ്കിൽ വീഡിയോ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തി. രതീഷ് വഴങ്ങാതായപ്പോൾ ഭാര്യക്ക് പ്രതികൾ വീഡിയോ അയച്ചു കൊടുത്തു. മറ്റുള്ളവർക്കും വീഡിയോ അയച്ചു കൊടുക്കുമെന്നു പറഞ്ഞതോടെ മാനസിക സമർദ്ദത്തിലായ രതീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. രതീഷിനെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വീഡിയോകൾ പൊലീസ് കണ്ടെടുത്തു. ഇത് കോടതിയിൽ ഹാജരാക്കും. പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണ, ഗൂഢാലോചന, ദേഹോപദ്രവം, പിടിച്ചു പറി തുടങ്ങിയ വകുപ്പുകൾ ചേർത്ത് അന്വേഷണം നടത്തും. എസ്.ഐ സതീഷ് കുമാർ, എ.എസ്.ഐ പി.ഷീജ, സീനിയർ സി.പി.ഒ അനൂപ്.വി, സി.പി.ഒമാരായ എ.സുദേവ്, രേഖ, നജുമുദ്ദീൻ, ഡാൻസാഫ് അംഗങ്ങളായ ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.