എസ്.ഐ.ആറിൽ ഭീഷണി വേണ്ട സാറന്മാരേ!

Tuesday 18 November 2025 3:19 AM IST

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കിടയിൽ കണ്ണൂരിൽ അനീഷ് ജോർജ്ജ് എന്ന ബൂത്ത് ലെവൽ ഓഫീസർ ജോലി സമ്മർദ്ദം താങ്ങാനാവാതെ ജീവനൊടുക്കാനിടയായ സംഭവം മുമ്പൊരിക്കലും കേരളം കേട്ടിട്ടില്ലാത്തതാണ്. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വീടുവീടാന്തരം കയറിയിറങ്ങുന്ന ബി.എൽ.ഒമാരുടെ ദുരവസ്ഥ തിരഞ്ഞെടുപ്പു കമ്മിഷനും പൊതുസമൂഹവും മനസിലാക്കണം. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ഉദ്യോഗസ്ഥതലത്തിൽ തകൃതിയായി നടക്കുന്നതിനിടയിൽ,​ ഈ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കേണ്ടതില്ലാത്ത പുതുക്കിയ വോട്ടർ പട്ടികയ്ക്കു വേണ്ടിയുള്ള ജോലികൾ നിർബന്ധപൂർവം അടിച്ചേല്പിക്കുന്നത് എന്തിനെന്നാണ് മനസിലാകാത്തത്.

സമയനിബന്ധന വച്ച് ജോലി പൂർത്തിയാക്കാൻ ബി.എൽ.ഒമാരെ നിർബന്ധിക്കുകയും,​ വീഴ്ച സംഭവിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് മേലുദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് കഷ്ടമാണ്. ഒരു വീട്ടിൽത്തന്നെയുള്ള അംഗങ്ങളെല്ലാം ഒരേ ബൂത്തിൽ വോട്ട് ഉള്ളവരായിരിക്കില്ല. ഒരേ വീട്ടിൽത്തന്നെ പല ബി.എൽ.ഒമാർ പോയി ഫോം പൂരിപ്പിച്ചു വാങ്ങേണ്ടിവരുന്നു എന്നതാണ് സ്ഥിതി. ഗ്രാമങ്ങളിലും മലമ്പ്രദേശങ്ങളിലും മറ്റും അകലെയുള്ള വീടുകളിൽ എത്തുമ്പോഴായിരിക്കും,​ വീട്ടുകാർ സ്ഥലത്തില്ലെന്ന് തിരിച്ചറിയുക.

ആവശ്യത്തിന് ഫോം വിതരണം ചെയ്യാത്തതും ഒരു പ്രശ്നമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്.ഐ.ആർ ജോലികൾ നിറുത്തിവയ്ക്കണമെന്ന് രാഷ്ട്രീയകക്ഷികൾ പലതവണ ആവശ്യപ്പെട്ടിട്ടും ആരും കേട്ടില്ല. ഇപ്പോൾ,​ ജോലി സമ്മർദ്ദം കാരണം ഒരാൾക്ക് ജീവൻ ബലിയർപ്പിക്കേണ്ടിവന്നപ്പോൾ ചർച്ചയും കോലാഹലങ്ങളും നടക്കുന്നു! മനുഷ്യനു വേണ്ടിത്തന്നെയല്ലേ തിരഞ്ഞെടുപ്പുകൾ?​ അതൊന്ന് ആലോചിക്കണം.

പരമേശ്വരൻ പോറ്റി

കാവശേരി