സ്വർണക്കൊള്ള: ശബരിമലയിൽ ഉച്ചയ്ക്ക് ശാസ്ത്രീയ തെളിവെടുപ്പ്
ശബരിമല: സ്വർണക്കൊള്ളക്കേസിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സന്നിധാനത്ത് പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയ തെളിവെടുപ്പ് നടത്തി.
ശ്രീകോവിലിന്റെ കട്ടിളയുടെ ഇരുവശങ്ങളിലെ ചെമ്പിൽ സ്വർണംപൂശിയ പാളികൾ, ദ്വാരപാലക ശില്പത്തിന്റെ പീഠങ്ങൾ, ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറ് മൂലയിലെ പില്ലർ പാളി എന്നിവ ഇളക്കിയെടുത്ത് അളവും തുക്കവും പരിശോധിച്ചശേഷം സന്നിധാനത്തെ എക്സിക്യൂട്ടിവ് ഓഫീസിലേക്ക് മാറ്റി. രാസ പരിശോധനയ്ക്കായി ഇവയിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചു. സ്വർണത്തിന്റെ മാറ്റും തൂക്കവും കണ്ടെത്താനാണിത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്ക് നടയടച്ചശേഷമായിരുന്നു തെളിവെടുപ്പ്. രാത്രി നടയടച്ചശേഷം ഇളക്കിയെടുത്ത ഭാഗങ്ങൾ തിരികെ സ്ഥാപിച്ചു. തെളിവ് ശേഖരണത്തിന്റെ ഫോട്ടോ, വീഡിയോ ദൃശ്യങ്ങളും പകർത്തി.
കഴിഞ്ഞ സെപ്തംബർ 7ന് സന്നിധാനത്തു നിന്ന് ഇളക്കിയെടുത്ത് ചെന്നൈയിലെ സ്മാർട്ട് ക്രിയഷനിൽ എത്തിച്ച് സ്വർണംപൂശിയ ശേഷം ദ്വാരപാലക ശില്പങ്ങളിൽ ചേർത്തുവച്ച 12 സ്വർണപ്പാളികൾ ഇളക്കിപ്പരിശോധിച്ചില്ല. ഇതു സംബന്ധിച്ച് ആക്ഷേപമായിരുന്നു കേസിന് തുടക്കമിട്ടത്. സ്വർണം പൂശാനായി ഇളക്കിയ പാളികളുടെ ആകെ ഭാരം 22. 833 കിലോഗ്രാമും സ്വർണത്തിന്റെ അളവ് 281.200 ഗ്രാമും ആയിരുന്നു. അറ്റകുറ്റപ്പണികൾക്കുശേഷം തിരികെ എത്തിച്ചപ്പോൾ 12 പാളികളുടെ ആകെ ഭാരം 22.876കിലോ ഗ്രാമും അതിൽ സ്വർണത്തിന്റെ ഭാരം 290. 902 ഗ്രാമുമായി. സ്വർണത്തിന്റെ ഭാരം 9. 702 ഗ്രാം കൂടി. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം സ്വർണത്തിന്റെയും ചെമ്പിന്റെയും തൂക്കം കൃത്യമായി രേഖപ്പെടുത്തിയ മഹസറും തയ്യാറാക്കിയിരുന്നു. ദേവസ്വം ബെഞ്ചിന്റെ അനുമതിയോടെയാണ് ഇത് പുനഃസ്ഥാപിച്ചത്. അതിനാലാണ് ഇവ ഇളക്കിപ്പരിശോധിക്കാതിരുന്നത്.
അന്വേഷണ സംഘത്തലവൻ എസ്.പി.ശശിധരന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, തിരുവാഭരണ കമ്മിഷണർ ആർ.രജിലാൽ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസൻ എന്നിവരും സന്നിഹിതരായി.