ബി.എൽ.ഒ അനീഷ് ജോർജിന് വിടനൽകി നാട്
കണ്ണൂർ: ജോലി സമ്മർദ്ദം കാരണം ആത്മഹത്യ ചെയ്ത ബി.എൽ.ഒ അനീഷ് ജോർജിന് നാട് യാത്രാമൊഴിയേകി. ഇന്നലെ രാവിലെ മുതൽ നൂറുകണക്കിന് പേർ അന്തിമോപചാരമർപ്പിക്കാൻ വീട്ടിലെത്തി. ഉച്ചയ്ക്കുശേഷം 2.55ഓടെ കാസർകോട് വൈദിക ജില്ലയിലെ വൈദികരുടെ നേതൃത്വത്തിൽ മരണ ശുശ്രൂഷാ കർമ്മങ്ങൾ ആരംഭിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ടി.ഐ. മധുസൂദനൻ എം.എൽ.എ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ,ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ,സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്,ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി,ജില്ല സെക്രട്ടറി കെ.ടി സഹദുള്ള,ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ഭാര്യ ഫാമില,മക്കൾ ലിവിയ,ജുവാൻ എന്നിവരുടെ അന്ത്യ ചുംബനം ഏറ്റുവാങ്ങി വൈകിട്ട് 3.30ഓടെ അനീഷ് ജോർജിന്റെ മൃതദേഹം ഏറ്റുകുടുക്ക ലൂർദ് മാതാ മലങ്കര കത്തോലിക്കാ പള്ളിയിലേക്കെടുത്തു. പ്രാർത്ഥനയ്ക്ക് ശേഷം 4.30ന് സെമിത്തേരിയിൽ സംസ്‌കരിച്ചു.