നിയമ ലംഘനം നടത്തുന്ന സ്‌കാനിങ് സെന്ററുകൾക്കെതിരെ നടപടി; ജില്ലാ മെഡിക്കൽ ഓഫീസർ
മലപ്പുറം: ഗർഭപൂർവ-ഗർഭസ്ഥ ഭ്രൂണ പരിശോധനയ്‌ക്കെതിരെ ബോധവൽക്കരണവും സാമൂഹ്യ പ്രതിരോധവും വർദ്ധിപ്പിക്കേണ്ട സാഹചര്യം മുൻനിറുത്തി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.കെ.ജയന്തിയുടെ ചേംബറിൽ യോഗം ചേർന്നു. 1994ലെ നിയമം ലംഘിച്ച് ലിംഗ നിർണയ പരിശോധന നടത്തുന്ന ജില്ലയിലെ സ്‌കാനിങ് സെന്ററുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് യോഗത്തിൽ ഡി.എം.ഒ പറഞ്ഞു. ആൺ,പെൺ അസന്തുലിതാവസ്ഥ ഗുരുതരമായ സാമൂഹ്യ വിപത്താണ്. ലിംഗനിർണയ പരിശോധന നടത്തുന്നത് നിയമത്തിനെതിരാണ്. ആൺകുഞ്ഞിനെന്ന പോലെ പെൺകുഞ്ഞിനും ജനിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നത് മനുഷ്യത്വരഹിതമാണ്. അതിന് കൂട്ടുനിൽക്കുന്നതും കൃത്യമായ രേഖകൾ സൂക്ഷിക്കാത്തതുമായ സ്ഥാപനങ്ങൾ കണ്ടെത്തി നടപടി കൈക്കൊള്ളുമെന്ന് ഡി.എം.ഒ യോഗത്തിൽ അറിയിച്ചു. യോഗത്തിൽ ഗവ.പ്ലീഡർ അഡ്വ.ടോം.കെ.തോമസ്, സി.ആർ.സി.എച്ച്.ഒ ഡോ.പമീലി, ജില്ലാ എജ്യൂക്കേഷണൽ മീഡിയ ഓഫീസർ കെ.പി.സാദിഖലി, ഗൈനക്കോളജിസ്റ്റ് ഡോ. ബി.കെ.ദീപ്തി, അഡ്വ.സുജാത വർമ, സാമൂഹ്യപ്രവർത്തക ബീന സണ്ണി, സി.കെ. സുരേഷ് കുമാർ പങ്കെടുത്തു.