ഇതുവരെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു; ഇത്തവണ സ്ഥാനാർത്ഥി
കോഴിക്കോട്: കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പടക്കം നിയന്ത്രിച്ചിരുന്ന റിട്ടേണിംഗ് ഓഫീസറായിരുന്ന ഡെപ്യൂട്ടി കളക്ടർ ഇത്തവണ കോഴിക്കോട് കോർപ്പറേഷനിൽ മത്സരത്തിനിറങ്ങിയത് കൗതുകമാവുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി മത്സരിച്ചതോടെ രാജ്യം മുഴുവൻ ശ്രദ്ധിച്ച വയനാട് പാർലമെൻറ് മണ്ഡലത്തിൻറെ ആർ.ഒ ആയിരുന്ന ഇ.അനിതകുമാരിയാണ് എൽ.ഡി.എഫിൻറെ സ്ഥാനാർത്ഥിയായി മാത്തോട്ടം വാർഡിൽ ജനവിധി തേടുന്നത്. ഡെപ്യൂട്ടി കളക്ടർ ഡെപ്യൂട്ടി മേയറാവുമോ എന്നാണ് കോഴിക്കോട്ടുകാർ ഉറ്റുനോക്കുന്നത്. ഈ വർഷം മേയിൽ ആണ് അനിത ഡെപ്യൂട്ടി കളക്ടർ ചുമതലയിൽ നിന്നും പടിയിറങ്ങിയത്. ശേഷം സജീവമായി പൊതുപ്രവർത്തനത്തിനിറങ്ങി. ചൂരൽമല ദുരന്തം നടക്കുമ്പോൾ അനിതകുമാരി വയനാട് ഡെപ്യൂട്ടി കളക്ടറാണ്. കളക്ഷൻ സെൻററിൻറെ ചാർജായിരുന്നു അനിതയ്ക്ക്. മഹാദുരന്തത്തിന് ശേഷം പുനരധിവാസ സമയത്ത് ദുരന്തബാധിതർക്ക് അവശ്യസാധനങ്ങൾ വീടുകളിലെത്തിച്ചു കൊടുക്കാനുള്ള ചുമതലയും ഇവർക്കായിരുന്നു.
കോഴിക്കോട് കോവൂരിലാണ് ഇ.അനിതകുമാരിയുടെ വീട്. എസ്.എഫ്.ഐ യിലൂടെയാണ് രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. 1989ൽ എൽ.ഡി ക്ലർക്കായി സർക്കാർ ഉദ്യോഗത്തിലെത്തി. എൻ.ജി.ഒ യൂണിയൻറെ ജില്ലാ ചുമതലയും കെ.ജി.ഒയുടെ ഉത്തരവാദിത്വവും വഹിച്ചിട്ടുണ്ട്. ഭർത്താവ് വി.പി രാജൻ റിട്ടേർഡ് ജില്ലാ ലേബർ ഓഫീസറായിരുന്നു. മകൻ അരുൺരാജ് ഫാഷൻ ഡിസൈനർ മാനേജരാണ്.
തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും രണ്ട് തരത്തിലുള്ള ഉത്തരവാദിത്തമാണ്. തിരഞ്ഞെടുപ്പ് നിയന്ത്രിക്കുമ്പോൾ സർക്കാരിനോടാണ് ഉത്തരവാദിത്തമെങ്കിൽ മത്സരിക്കുമ്പോൾ ജനങ്ങളോടാണ് ഉത്തരവാദിത്തമുള്ളത്. കോർപ്പറേഷനിലെ സീറ്റ് പാർട്ടി നൽകിയ അംഗീകാരമായാണ് കാണുന്നത്. പ്രചാരണത്തിനിറങ്ങിയപ്പോൾ വോട്ടർമാർ നൽകുന്ന പിന്തുണ വലിയ ശക്തിയാണ്
ഇ.അനിതാകുമാരി