വീട്ടുജോലിക്കാരന്റെ മാസ ശമ്പളം ഒരു ലക്ഷം രൂപ; കാരണമെന്തെന്ന് വെളിപ്പെടുത്തി ഉടമ

Monday 17 November 2025 9:56 PM IST

ഹോംമാനേജർക്കു നൽകുന്ന മാസശമ്പളം ഒരു ലക്ഷമാണെന്ന് വെളിപ്പെടുത്തി പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ ഗ്രെയ്‌ലാബ്സിന്റെ സ്ഥാപകൻ അമൻ ഗോവൽ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്‌റ്റിലൂടെയാണ് ഗോവൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐഐടി ബിരുദധാരികളായ ഗോവലും ഭാര്യ ഹർഷിതാ ശ്രീവാസ്തവയും ചേർന്നാണ് ഗ്രെയ്ലാബ്സ് എന്ന എഐ സ്റ്റാർട്ടപ്പ് ആരംഭിച്ചത്. എന്നാൽ അതിനായി കൂടുതൽ ശ്രദ്ധ നൽകുന്നതിനാൽ വീട്ടുകാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് ഇത്രയും ശമ്പളം നൽകി ഹോം മാനേജരെ നിയമിച്ചതെന്ന് ഗോവൽ പറയുന്നു.

'ഭക്ഷണകാര്യങ്ങൾ, വൃത്തിയാക്കൽ, വീട്ടുസാധനങ്ങൾ, അലക്ക് തുടങ്ങി എല്ലാ കാര്യങ്ങൾക്കുമായി ഞാനൊരു ഫുൾടൈം ഹോം മാനേജരെ നിയമിച്ചു. വീട്ടിലെ എല്ലാ കാര്യങ്ങളും അയാൾ നോക്കുമെന്നതിനാൽ ഞങ്ങളുടെ സമയം ലാഭിക്കാൻ കഴിയും. ഗ്രെയ്ലാബ്സിന്റെ വളർച്ചയ്‌ക്ക് ഞങ്ങൾ ഇരുവരുടെയും മുഴുവൻ ഊർജവും ചെലവഴിക്കണം. അതിനാൽ ഇതൊന്നും കൈകാര്യം ചെയ്യാൻ സമയുണ്ടാകില്ല' അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഒപ്പം തന്റെ ഹോംമാനേജരുടെ ശമ്പളത്തെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും അദ്ദേഹം വിവരങ്ങൾ പങ്കുവച്ചു. തങ്ങൾ ഹോം മാനേജരായി തിര‌ഞ്ഞെടുത്ത വ്യക്തിക്ക് നല്ല വിദ്യാഭ്യാസമുണ്ടെന്നും വലിയൊരു ഹോട്ടൽ ശൃംഖലയിൽ ഓപ്പറേഷൻ ഹെഡായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഹോം മാനേജർക്ക് നൽകുന്ന ശമ്പളം അധികമാണെന്ന് അറിയാമെന്നും എന്നാൽ തങ്ങളെ സംബന്ധിച്ച് സമയം അതിനെക്കാൾ വലുതാണെന്നും അദ്ദേഹം പറയുന്നു.