മേയർ സ്ഥാനാർത്ഥിക്ക് വോട്ടില്ല: അങ്കലാപ്പിൽ യു.ഡി.എഫ്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വി.എം.വിനുവിന്റെ പേര് വോട്ടർപട്ടികയിൽ ഇല്ലാതായതോടെ അങ്കലാപ്പിലായി യു.ഡി.എഫ്. കല്ലായി വാർഡിൽ പ്രചാരണം മുറുകുമ്പോഴുണ്ടായ തിരിച്ചടിയിൽ ഞെട്ടിയിരിക്കുകയുമാണ്.
കോർപ്പറേഷനിൽ പതിറ്റാണ്ടുകളായി തുടരുന്ന എൽ.ഡി.എഫ് ഭരണത്തിന് മാറ്റമുണ്ടാക്കാൻ ഇത്തവണ പ്രമുഖരെയും കോൺഗ്രസ് രംഗത്തിറക്കി. പുതിയ ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലും കോർപ്പറേഷൻ ഭരണം പിടിക്കുകയെന്ന ലക്ഷ്യം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. കോർപ്പറേഷൻ ഭരണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി സമരങ്ങളും നടത്തി. ഈ വേളയിലാണ് അപ്രതീക്ഷിത തിരിച്ചടി. അതേസമയം സെപ്തംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ വിനുവിന്റെ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിൽ കോൺഗ്രസിനും യു.ഡി.എഫിനും വീഴ്ച പറ്റിയെന്ന് അണികൾക്കിടയിൽ ആക്ഷേപമുണ്ട്. പ്രത്യേകിച്ചും വോട്ടർപ്പട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്ന് കോൺഗ്രസ് തന്നെ ആക്ഷേപമുന്നയിച്ചിരിക്കെ.
എന്നാൽ വർഷങ്ങളായി ജനിച്ചുവളർന്ന് സ്ഥിരമായി വോട്ടു ചെയ്യുന്ന വിനുവിന് വോട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. വീട് മാറിപ്പോയവർ, വിവാഹിതർ, മരിച്ചവർ, വീട് പൊളിച്ചവർ, പുതിയ വോട്ടർമാർ തുടങ്ങിയവരെ കേന്ദ്രീകരിച്ചാകും പ്രാഥമിക പരിശോധന. വർഷങ്ങളായി വോട്ടു ചെയ്യുന്നവരുടെയും സ്ഥിര താമസക്കാരുടെയും സാധാരണഗതിയിൽ പരിശോധിക്കാറില്ലെന്നും ഡി.സി.സി. പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ, നേതാക്കളായ കെ.ജയന്ത്, പി.എം.നിയാസ്, കെ. ബാലനാരായണൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
- പരാതിയില്ല, നോട്ടീസ് നൽകണം
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കണമെങ്കിൽ പരാതി വേണം. പരാതി ലഭിച്ചാലാകട്ടെ ബന്ധപ്പെട്ടയാളെ ഹിയറിംഗിന് വിളിക്കണമെന്നും വ്യവസ്ഥയുണ്ട്. വിനുവിന്റെ കാര്യത്തിൽ ഇതൊന്നുമുണ്ടായിട്ടില്ല. നേരത്തെ തിരുവന്തപുരം മുട്ടട ഡിവിഷനിലേക്ക് മത്സരിക്കാനിരുന്ന കോൺഗ്രസിന്റെ വൈഷ്ണ സുരേഷിന്റെ പേരും വോട്ടർപട്ടികയിലുണ്ടായിരുന്നില്ല. വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 19നു മുമ്പ് ഹിയറിംഗ് നടത്താൻ കോടതി നിർദ്ദേശിച്ചു. വെെഷ്ണ പ്രചാരണം തുടരുന്നുണ്ട്. സമാനരീതിലാണ് വി.എം. വിനുവിന്റെയും നീക്കം.
- പട്ടിക സൂക്ഷ്മമായി പരിശോധിക്കും
വിനുവിന് വോട്ടില്ലാതായ സാഹചര്യത്തിൽ അന്തിമ വോട്ടർപട്ടിക കോൺഗ്രസും യു.ഡി.എഫും സൂക്ഷ്മമായി പരിശോധിക്കും. ജില്ലയിൽ നൂറുകണക്കിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരിൽ പലർക്കും സമാനസ്ഥിതി ഉണ്ടായിട്ടുണ്ടോ എന്നാണ് പരിശോധിക്കുക.
- ഇനി സാദ്ധ്യത
1. കോടതി ഇടപെടലിലൂടെ വോട്ടവകാശം തിരികെ കിട്ടാം.
2. ജില്ലാ കളക്ടർക്കും അധികാരം പ്രയോജനപ്പെടുത്താം.