ബൈപ്പാസ് നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ, റോഡ് തകർന്നു,​ വീടുകൾ അപകടാവസ്ഥയിൽ

Tuesday 18 November 2025 2:10 AM IST

കോതമംഗലം: കോതമംഗലം കൊള്ളിക്കാട് ഭാഗത്ത് ബൈപ്പാസ് നിർമ്മാണത്തിനിടെ വീണ്ടുമുണ്ടായ മണ്ണിടിച്ചിൽ മുനിസിപ്പൽ റോഡ് തകർന്നുവീണു. രണ്ട് വീടുകൾ അപകടാവസ്ഥയിലാണ്.ഈ വീടുകളുടെ മുറ്റത്തോട് ചേർന്നുവരെ ഇടിഞ്ഞുവീണിട്ടുണ്ട്. മതിലും ഗേറ്റും ഏതുസമയത്തും നിലംപൊത്താം. ഒരു വൈദ്യുതി പോസ്റ്റും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ചീനിമൂട്ടിൽ ഷാജൻ, പള്ളിച്ചിറ എൽസി കുഞ്ഞുമോൻ എന്നിവരുടേതാണ് അപകാടവസ്ഥയിലായ വീടുകൾ. ഇതിന് സമീപത്ത് ഒരു മാസം മുമ്പ് സമാനരീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതാണ്. വീട്ടിൽ താമസിക്കുന്നത് സുരക്ഷിതമല്ലാതായതോടെ എൽസി കുഞ്ഞുമോൻ മകളുടെ വീട്ടിലേക്ക് താമസം മാറി. ഷാജന്റെ വീട്ടിലേക്ക് കയറാൻ താത്കാലിക നടപ്പുവഴി തയ്യാറാക്കി നൽകിയിട്ടുണ്ട്. ആന്റണി ജോൺ എം.എൽ.എയും എക്‌സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പടെയുള്ള പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. എത്രയും വേഗം സംരക്ഷണഭിത്തി നിർമ്മിക്കാമെന്ന ഉറപ്പ് വീട്ടുകാർക്ക് നൽകിയിട്ടുണ്ട്.

അശാസ്ത്രീയ നിർമ്മാണമെന്ന് ആക്ഷേപം

തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണ ജോലികളാണ് നടന്നുവരുന്നത്. കൊള്ളിക്കാട് ഭാഗത്ത് കയറ്റം കുറയ്ക്കാൻ ഭൂമി മീറ്ററുകളോളം താഴ്ത്തിയിട്ടുണ്ട്. ഇവിടെയാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. ആദ്യം ഇടിഞ്ഞ ഭാഗത്ത് കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചിരുന്നു. അതിന് പിന്നാലെയാണ് സമീപഭാഗം ഇടിഞ്ഞുവീണത്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനമാണ് മണ്ണിടിച്ചിലിന് കാരണമെന്ന് ആക്ഷേപമുണ്ട്. നേരത്തെ വൻതോതിൽ പാറക്കല്ല് പൊട്ടിച്ചുമാറ്റിയിരുന്നു. ഇതുമൂലം ഭൂമിക്ക് ഇളക്കംതട്ടിയതാണ് പ്രശ്‌നമായതെന്ന് കരുതുന്നു. കഴിഞ്ഞ മേയിലാണ് ആദ്യ തവണ മണ്ണെടുത്തത്. പിന്നീട് മാസങ്ങളോളം ഒന്നും ചെയ്തില്ല. മണ്ണെടുത്തതിന് പിന്നാലെ സംരക്ഷണഭിത്തി നിർമ്മിക്കാതിരുന്നത് വിനയായി. ഇക്കാര്യം പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്.

രാവിലെ വീടിന്റെ വാതിൽതുറന്നപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. രാത്രി ശബ്ദം കേട്ടെങ്കിലും ഇത്ര ഭീകരമാണെന്ന് മനസിലായിരുന്നില്ല. ഇനിയുണ്ടാകുന്ന മഴയിൽ വീടും ഇടിയാം. എത്രയും വേഗം സംരക്ഷണ ഭിത്തി നിർമ്മിക്കണം. കൂടുതൽ തൊഴിലാളികളെ നിയോഗിക്കണം.

ടെൽമ ഷാജൻ

ചീനിമൂട്ടിൽ