സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കി ബി.ജെ.പിയും കോൺഗ്രസും

Tuesday 18 November 2025 12:20 AM IST
ബി.ജെ.പിയും കോൺഗ്രസും

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിലേക്കുള്ള മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് ബി.ജെ.പിയും കോൺഗ്രസും. അവസാന ഘട്ടമായി ഇന്നലെ ആറു സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. നിലവിലെ യു.ഡി.എഫ് കൗൺസിൽ പാർട്ടി നേതാവും മൂന്ന് വർഷമായി പ്രതിപക്ഷ നിരയുടെ പ്രധാന പോരാളിയുമായ കെ.സി ശോഭിതയും മുതിർന്ന നേതാവ് എസ്.കെ അബൂബക്കറും ഉൾപ്പെടെ ആറു പേരാണ് അവസാന ഘട്ട പട്ടികയിലുള്ളത്. എട്ടാം വാർഡായ മലാപറമ്പിൽ നിന്നാണ് കെ.സി ശോഭിത ഇത്തവണ ജനവിധി തേടുന്നത്. മുൻപ് മത്സരിച്ച പാറോപ്പടിയിൽ ഇത്തവണ മത്സരിക്കാനെത്തുന്നത് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസാണ്. 39-ാം വാർഡായ മീഞ്ചന്തയിൽ നിന്നാണ് എസ്.കെ അബൂബക്കർ ജനവിധി തേടുന്നത്. സി.പി.എമ്മിൽ നിന്ന് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന നിലവിലെ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദിനെയാണ് എസ്.കെ അബൂബക്കർ നേരിടുക. 22 - കോവൂർ - ഉണ്ണിമായ സനുരാജ്, 41 -അരിക്കാട് - നോർത്ത് മുല്ലവീട്ടിൽ ജാഹിഷ്, 47- ചെറുവണ്ണൂർ വെസ്റ്റ് - സൗദ കൊല്ലേരിതാഴം( യു.ഡി.എഫ് സ്വതന്ത്ര), 57 -ചക്കുംക്കടവ് - സ്മിത ഷെൽജി എന്നിവരാണ് മത്സരരംഗത്തുള്ളത്. കോർപ്പറേഷനിൽ 49 സീറ്റുകളിലേക്കാണ് കോൺഗ്രസ് മത്സരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 22 ഉം രണ്ടാം ഘട്ടത്തിൽ 15 ഉം മൂന്നാം ഘട്ടത്തിൽ ആറും സ്ഥാനാർത്ഥികളെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുസ്ലീം ലീഗിന്റെ രണ്ട് സ്ഥാനാർത്ഥികൾ കൂടിയായാൽ കോർപ്പറേഷനിലേക്കുള്ള യു.ഡി.എഫിന്റെ ചിത്രം വ്യക്തമാകും. നിലവിൽ 23 സ്ഥാനാർത്ഥികളെയാണ് ലീഗ് പ്രഖ്യാപിച്ചത്. സി.എം.പി രണ്ടും.

 74 സീറ്റിൽ ബി.ജെ.പി

ബാക്കിയുള്ള ഒമ്പത് വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് ബി.ജെ.പി.12 -പാറോപ്പടി- പി ഹരീഷ്, 25 - കോട്ടൂളി - എ.ബിനീഷ്, 59 - കുറ്റിച്ചിറ - കെ. ജീജ, 62 - മാവൂർ റോഡ് - സി. ശ്രീജ, 65 എരഞ്ഞിപ്പാലം - ഡോ.ആനി സ്റ്റെഫി, 69 - ചക്കോരത്തുകുളം - എൻ. ശിവപ്രസാദ്, 71 ഈസ്റ്റ്‌ഹിൽ - ശ്രീവിദ്യ ജിനീഷ്, 1 - എലത്തൂർ - ബീന വിശ്വനാഥ്‌, 3 - എരഞ്ഞിക്കൽ - കെ. പുഷ്പരാജൻ എന്നിവരാണ് സ്ഥാനാർത്ഥികൾ. 74 സീറ്റിൽ ബി.ജെ.പിയും ഓരോ സീറ്റ് വീതം നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി), ബി.ഡി.ജെ.എസ് എന്നിവരാണ് മത്സരിക്കുന്നത്. നിലവിലെ അഞ്ച് കൗൺസിലർമാരാണ് ഇക്കുറിയും ജനവിധി തേടാൻ കളത്തിലുള്ളത്.