രണ്ടും സർവീസല്ലേ...

Tuesday 18 November 2025 12:29 AM IST

പത്തനംതിട്ട : മലയാലപ്പുഴ എട്ടാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശ്യാം ലാലിന്റെ ജീവിതം തന്നെ സർവീസാണ്. മുപ്പത്തേഴുകാരനായ ശ്യാലാലിന് പത്തനംതിട്ടയിൽ ആലപ്പി കൊറിയർ സർവീസിലാണ് ജോലി. അത് കഴിഞ്ഞ് ജനങ്ങളിലേക്കിറങ്ങി ഇലക്ഷൻ പ്രചരണം. പൊതുപ്രവർത്തനവും കൊറിയർ സർവീസിലെ ജോലിയും ഒരു പോലെ കൊണ്ടുപോകുകയാണ് ശ്യാം ലാൽ. വാഴവിളയിൽ ആശാഭവനിൽ വീടിന്റെ ഏക ആശ്രയമാണ് ഇൗ യുവാവ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. സംവരണ വാ‌ർഡാണ് മലയാലപ്പുഴ എട്ടാം വാർഡ്. രാവിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന മകൾ സ്നേഹ നന്ദയെ സ്കൂളിൽ വിട്ടതിന് ശേഷം വാർഡിലേക്കിറങ്ങി വോട്ട് ചോദിക്കും. ശേഷം കൊറിയർ സർവീസ് ഓഫീസിലേക്ക്. വൈകിട്ട് വീണ്ടും വോട്ട് ചോദിക്കാനായി ജനങ്ങൾക്കിടയിലേക്കെത്തും. ഭാര്യ ശരണ്യയും ഒരുമാസം പ്രായമായ നേഹനന്ദയും അമ്മ ഇന്ദിരയും അടങ്ങുന്നതാണ് കുടുംബം. ആറ് വർഷമായി അച്ഛൻ വി.കെ.അച്യുതൻ മരിച്ചിട്ട്. കൂടുതൽ പ്രതിബദ്ധതയോടെ ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാനാണ് ശ്യാംലാലിന്റെ ആഗ്രഹം.