ശ്രീകുമാറിന്റെ മുൻകൂർ ജാമ്യം: വിശദീകരണം തേടി
Tuesday 18 November 2025 1:24 AM IST
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ ആറാംപ്രതി ചെമ്പഴന്തി സ്വദേശി എസ്. ശ്രീകുമാർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി. അറസ്റ്റ് വിലക്കിയിട്ടില്ല. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ പ്രതിയുടെ ഹർജി ജസ്റ്റിസ് കെ. ബാബുവാണ് പരിഗണിച്ചത്. 2019 ജൂലായ് 19,20 തീയതികളിലായി ഇളക്കിയെടുത്ത ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പുവച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ് ശ്രീകുമാർ. സ്വർണപ്പാളികൾ തിരിച്ചെത്തിച്ചപ്പോൾ തൂക്കംനോക്കാതെ പുനഃസ്ഥാപിച്ചുവെന്ന് വ്യക്തമാക്കുന്ന രണ്ടാംമഹസറിലും ശ്രീകുമാറിന്റെ ഒപ്പുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാകോടതി മുൻകൂർജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.