കൂടുതൽ ശബരിമല സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

Tuesday 18 November 2025 1:45 AM IST

പാലക്കാട്: വീണ്ടുമൊരു മണ്ഡലകാലം കൂടി ആരംഭിച്ചതോടെ ശബരിമലയിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കാരംഭിച്ചു. കേരളത്തിലെ വിവിധ ജില്ലകൾക്കു പുറമേ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്നും ഭക്തരെത്തി തുടങ്ങിയതോടെ കോട്ടയം, ചെങ്ങന്നൂ‌ർ വഴി ദക്ഷിണ റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. വിശാഖപട്ടണം-കൊല്ലം സ്പെഷ്യൽ ട്രെയിൻ(നമ്പ‌‌ർ-08539/40) ആണിത്. ആഴ്ചയിൽ ഒന്നുവീതം സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനിന്റെ ആദ്യ സ‌ർവീസ് ഇന്നാണ്. മകരവിളക്ക് തിരക്ക് കൂടി പരിഗണിച്ച് ഈ ട്രെയിൻ ജനുവരി 20 വരെ സർവീസ് നടത്തും. ഇരുവശത്തേക്കുമായി ആകെ 20 സ‌ർവീസ്. ചൊവ്വാഴ്ചകളിൽ രാവിലെ 8.20നു വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.27നു പാലക്കാടും ഉച്ചയ്ക്ക് 1.45നു കൊല്ലത്തും എത്തും. തൃശ്ശൂ‌ർ, ആലുവ, എറണാകുളം ടൗൺ(നോർത്ത്), കോട്ടയം, തിരുവല്ല, ചെങ്ങന്നൂ‌‌ർ, കായംകുളം എന്നിവയാണ് സ്പെഷ്യൽ ട്രെയിനിന്റെ കേരളത്തിലെ മറ്റു സ്റ്റോപ്പുകൾ. മടക്ക സർവീസ് എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് അഞ്ചിന് കൊല്ലത്തു നിന്നു പുറപ്പെടും. രാത്രി 10.57നു പാലക്കാടും പിറ്റേന്ന് രാത്രി 11നു വിശാഖപട്ടണത്തും എത്തും.

 കോച്ചുകൾ: 2- എ.സി ടു ടയർ, 3- എ.സി ത്രീ ടയർ, 3-എ.സി ത്രീ ടയർ എക്കണോമി കോച്ചുകളും 8 സ്ലീപ്പ‌ർക്ലാസ് കോച്ചുകളും 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും ഭിന്നശേഷിക്കാർക്കായുള്ള ഒരു സെക്കൻഡ് ക്ലാസ് കോച്ചും ഒരു ലഗേജ് കം ബ്രേക്ക് വാനും അടങ്ങിയതാണ് സ്പെഷ്യൽ ട്രെയിൻ.

 മണ്ഡല മകരവിളക്ക് കാലത്ത് അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് നേരത്തെ അഞ്ച് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു. ഇതിൽ നാലെണ്ണം ചെന്നൈയിൽ നിന്നും ഒരെണ്ണം ഹൈദരാബാദിൽ(ചർലപ്പള്ളി) നിന്നുമാണ്. ഇതിൽ രണ്ട് സ്പെഷ്യൽ ട്രെയിൻ കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് ആരംഭിച്ചു. ശേഷിച്ച മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ യഥാക്രമം നവംബർ 20, 22, 24 തീയതികളിൽ സ‌ർവീസ് ആരംഭിക്കും. ക‌ർണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തർക്കായി വരും ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.