എല്ലാ മരണസമയത്തും ജോളിയുടെ സാന്നിദ്ധ്യം, ജോലി സംബന്ധിച്ചും കളവ് പറഞ്ഞു: കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്

Saturday 05 October 2019 6:04 PM IST

കോഴിക്കോട്: കൂടത്തായിയിൽ ഒരേ കുടുംബത്തിലെ ആറ് പേർ മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസിൽ കസ്റ്റഡിയിലുള്ള ജോളിയെ പ്രതിയായി സംശയിക്കാൻ കാരണം എല്ലാ മരണസമയത്തുമുള്ള സാന്നിദ്ധ്യമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി കെ.ജി സൈമൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. എൻ.ഐ.ടിയിലെ അദ്ധ്യാപികയാണെന്ന് കള്ളം പറഞ്ഞതും ജോളിയെ കേസിൽ സംശയിക്കാൻ കാരണമായെന്നും എസ്.പി വ്യക്തമാക്കി.

2002ൽ അന്നാമ്മയാണ് ആദ്യംകൊല്ലപ്പെട്ടത്. അന്നമ്മയെ കൊലപ്പെടുത്തിയതിന് പിന്നിൽ വീടിന്റെ അധികാരം കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കാരണം അന്നാമ്മയായിരുന്നു വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത്. ഭർതൃപിതാവായ ടോം തോമസിനെ കൊന്നത് കൂടുതൽ സ്വത്ത് നൽകില്ലെന്ന് പറ‌ഞ്ഞതിനായിരുന്നു. എല്ലാ മരണത്തിലും ഒരേ സ്വഭാവമാണ് കാണുന്നത്. കൂടാതെ എല്ലാ മരണത്തിലും സയനേഡ് ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടെന്നും കൊലപാതകത്തിന് കാരണം സ്വത്ത് തർക്കം മാത്രമല്ലെന്നും എസ്.പി വ്യക്തമാക്കി.

മൂന്നാമതായി കൊലപ്പെടുത്തിയത് ജോളിയുടെ ഭർത്താവ് റോയി തോമസാണ്. ഇവരുമായുള്ള ബന്ധം വഷളായതിനെ തുടർന്നായിരുന്നു റോയിയെ കൊലപ്പെടുത്തിയത്. റോയിയുടെ മരണത്തിൽ പോസ്റ്റ് മോർട്ടം വേണമെന്ന് വാശിപിടിച്ച അമ്മാവനാണ് മാത്യു എം.എം. ഇദ്ദേഹത്തെ 2014ഓടെ കൊലപ്പെടുത്തുകയായിരുന്നു. മാത്യുവിനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ലഭിക്കാനുണ്ടെന്നും അക്കാര്യം പിന്നീട് വ്യക്തമാക്കാമെന്ന് എസ്.പി പറഞ്ഞു.