കുട്ടികളുടെ തർക്കം തീർക്കാനെത്തിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തിരുവനന്തപുരം തൈക്കാട്ട്
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ തർക്കം യുവാക്കൾ ഇടപെട്ട് സ്‌കൂളിന് പുറത്ത് പറഞ്ഞുതീർക്കുന്നതിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റുമരിച്ചു. രാജാജി നഗറിന് സമീപം അരിസ്റ്റോ ജംഗ്‌ഷൻ തോപ്പിൽ ഡി 47 വീട്ടിൽ അലനാണ് (19 )മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ തൈക്കാട് ശാസ്താക്ഷേത്രത്തിനു സമീപം നടുറോഡിലാണ് കൊലപാതകം . രണ്ടുപേരെ കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.
തൈക്കാട് മോഡൽ സ്‌കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ സ്‌കൂൾ ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടിയിരുന്നു. രാജാജി നഗറിലെയും ജഗതി കോളനിയിലെയും കുട്ടികൾ തമ്മിലായിരുന്നു സംഘർഷം. ഇക്കാര്യം പറഞ്ഞുതീർക്കാൻ ഇരു വിഭാഗങ്ങളിലെയും യുവാക്കൾ ആലോചിക്കുകയും തൈക്കാട് ശാസ്താ ക്ഷേത്രത്തിനു സമീപത്തു വച്ച് ഒത്തുതീർപ്പ് ചർച്ച തീരുമാനിക്കുകയും ചെയ്തു.അതനുസരിച്ചാണ് രാജാജിനഗറിലെ സംഘത്തിനൊപ്പം അലൻ എത്തിയത്.
സംസാരിക്കുന്നതിനിടെ രൂക്ഷമായ തർക്കമുണ്ടായി. ഉന്തിനും തള്ളിനുമിടെ അലന്റെ നെഞ്ചിൽ കുത്തേറ്റു. കുത്തിയയാൾ കടന്നുകളഞ്ഞു. സുഹൃത്തുക്കൾ രണ്ടുപേർ ചേർന്ന് അലനെ ബൈക്കിലിരുത്തി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കത്തി മുകളിലേക്ക് ചരിച്ചു പിടിച്ചുള്ള കുത്തേറ്റ് ഹൃദയധമനി മുറിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് സൂചന. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. മാതാവ് ;മഞ്ജുള, സഹോദരി :പരേതയായ ആൻഡ്രിയ.