വന്യമൃഗം കൊന്നാൽ 10 ലക്ഷം നൽകണം: സുപ്രീം കോടതി

Tuesday 18 November 2025 12:00 AM IST

ന്യൂഡൽഹി: വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽണമെന്ന് സുപ്രീംകോടതി. വനം-പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച ഈ തുക കുടുംബത്തിന് കൈമാറണം. നഷ്‌ടപരിഹാരം സമയബന്ധിതമായി നൽകണമെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ അഗസ്റ്റിൻ ജോർജ് മസീഹ്, എ.എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മനുഷ്യരും വന്യജീവികളുമായുള്ള സംഘർഷത്തെ 'പ്രകൃതി ദുരന്ത'മായി കണക്കാക്കുന്നത് അഭികാമ്യമാണ്. അക്കാര്യം സംസ്ഥാന സർക്കാരുകൾ സജീവമായി പരിഗണിക്കണം. അങ്ങനെയെങ്കിൽ നഷ്‌ടപരിഹാരം വേഗത്തിലാക്കാൻ സാധിക്കും. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയ ഉദ്യാനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് രാജ്യവ്യാപകമായുള്ള നിർദ്ദേശം. മനുഷ്യ-മൃഗ സംഘർഷവുമായി ബന്ധപ്പെട്ട് ദേശീയ കടുവ സംരക്ഷണ അതോറിട്ടി ആറുമാസത്തിനകം മാതൃകാ മാർഗരേഖ തയ്യാറാക്കണം. സംസ്ഥാന സർക്കാരുകൾക്ക് ഇവ ലഭിച്ച ശേഷം ആറുമാസത്തിനകം നടപ്പാക്കണം.