സ്വർണ വിലയിൽ ചാഞ്ചാട്ടം ശക്തം
Tuesday 18 November 2025 12:10 AM IST
കൊച്ചി: രാജ്യാന്തര വിപണിയിൽ സ്വർണ വിലയിലെ ചാഞ്ചാട്ടം ശക്തമാകുന്നു. ഇന്നലെ സിംഗപ്പൂർ വിപണിയിൽ വില ഔൺസിന് 4,070 ഡോളർ വരെ ഉയർന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ പവൻ വിലയിൽ രണ്ട് പ്രാവശ്യം മാറ്റം വരുത്തി. രാവിലെ പവൻ വില 80 രൂപ കുറഞ്ഞ് 91,640 രൂപയിലെത്തി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 11,455 രൂപയിലെത്തി. എന്നാൽ രാജ്യാന്തര വില തിരിച്ചുകയറിയതോടെ ഉച്ചയ്ക്ക് ശേഷം പവന് 320 രൂപ ഉയർന്ന് 91,960 രൂപയായി.
അമേരിക്കയിൽ നാണയപ്പെരുപ്പം ഉയർന്നതിനാൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്കിൽ വരുത്തുന്ന മാറ്റമാണ് വിപണി കാത്തിരിക്കുന്നത്. പലിശ കുറയില്ലെന്ന പ്രതീക്ഷയിൽ ഡോളർ ശക്തിയാർജിച്ചതോടെ സ്വർണ വില താഴേക്ക് നീങ്ങി.