ഓഹരികളിൽ മുന്നേറ്റം തുടരുന്നു

Tuesday 18 November 2025 12:14 AM IST

കൊച്ചി: രാജ്യത്തെ ഓഹരി വിപണി ആറാം ദിവസവും മുന്നേറ്റം തുടർന്നു. മുഖ്യ ഓഹരി സൂചികയായ സെൻസെക്‌സ് 388.17 പോയിന്റ് ഉയർന്ന് 84,950.95ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 103.40 പോയിന്റ് നേട്ടത്തോടെ 26,013.45ൽ എത്തി. പൊതുമേഖല ബാങ്കുകൾ, കൺസ്യൂമർ ഡ്യൂറബിൾ കമ്പനികൾ എന്നിവയാണ് പ്രധാനമായും മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചെറുകിട, ഇടത്തരം കമ്പനികളും മികച്ച നേട്ടമുണ്ടാക്കി. എറ്റേണൽ, മാരുതി സുസുക്കി, കോട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുടെ ഓഹരി വിലയിൽ മുന്നേറ്റമുണ്ടായി.

നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര കമ്പനികൾ മികച്ച പ്രവർത്തന ഫലം പുറത്തുവിട്ടതാണ് നിക്ഷേപകർക്ക് ആവേശം പകർന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളും ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിച്ചു.