വനിതകൾക്ക് എസ്.ഐ.ബി പ്രീമിയം അക്കൗണ്ട്

Tuesday 18 November 2025 12:15 AM IST

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക്(എസ്.ഐ.ബി) വനിതകൾക്കായി 'എസ്.ഐ.ബി ഹെർ' എന്ന പേരിൽ പ്രീമിയം സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനും മികച്ച നേട്ടം ഉറപ്പാക്കാനുമാണ് ലക്ഷ്യം. സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം വ്യക്തിഗത ക്ഷേമവും സൗകര്യവും സംയോജിപ്പിക്കുന്ന ആകർഷകമായ ബാങ്കിംഗ്, ലൈഫ് സ്‌റ്റൈൽ തുടങ്ങിയ ആനുകൂല്യങ്ങളും നൽകുന്നു.

സ്ത്രീകൾക്ക് പ്രീമിയം ബാങ്കിംഗ് സൗകര്യങ്ങളും സമഗ്രമായ സാമ്പത്തിക സംരക്ഷണവും ആസ്തികൾ സൃഷ്ടിക്കാൻ കേന്ദ്രീകൃത പിന്തുണയും ഇതിലൂടെ ഉറപ്പാക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും ബ്രാഞ്ച് ബാങ്കിംഗ് മേധാവിയുമായ എസ്.എസ് ബിജി പറഞ്ഞു. 18 നും 54 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് 'എസ്.ഐ.ബി ഹെർ അക്കൗണ്ട്' ലഭ്യമാകുക. ഉപഭോക്താക്കൾ 50,000 രൂപ പ്രതിമാസ ബാലൻസ് നിലനിർത്തണം. ഈ പുതിയ സേവനത്തിലൂടെ അക്കൗണ്ട് ഉടമകൾക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ഓട്ടോ സ്വീപ്പ് സൗകര്യം വഴി ഉയർന്ന പലിശ നേടാനാകും.

ലഭിക്കുന്ന സേവനങ്ങൾ

പ്രീമിയം ഡെബിറ്റ് കാർഡ്, ലോക്കർ വാടക, റീട്ടെയിൽ ലോൺ എന്നിവയിൽ ഇളവുകൾ, കുടുംബാംഗങ്ങൾക്കായുള്ള ആഡ്-ഓൺ അക്കൗണ്ടുകൾ, സമഗ്ര ഇൻഷ്വറൻസ് പരിരക്ഷ.