അമേരിക്കൻ എൽ.പി.ജി വാങ്ങാൻ ഇന്ത്യൻ കമ്പനികൾ

Tuesday 18 November 2025 12:17 AM IST

പ്രതിവർഷം 22 ലക്ഷം ടൺ എൽ.പി.ജി വാങ്ങാൻ ധാരണ

കൊച്ചി: ദ്രവീകൃത പ്രകൃതി വാതകം(എൽ.പി.ജി) വാങ്ങുന്നതിനായി ചരിത്രത്തിലാദ്യമായി അമേരിക്കയുമായി ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികൾ ദീർഘകാല കരാർ ഒപ്പുവച്ചു. ഇന്ധന സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് രാജ്യത്തിന് ആവശ്യമായ മൊത്തം എൽ.പി.ജിയുടെ പത്ത് ശതമാനം അമേരിക്കയിൽ നിന്ന് വാങ്ങുന്നതിന് ധാരണാപത്രം ഒപ്പുവച്ചെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. അമേരിക്കയിൽ നിന്ന് പ്രതിവർഷം 22 ലക്ഷം ടൺ എൽ.പി.ജിയാണ് ഇന്ത്യൻ കമ്പനികൾ വാങ്ങുന്നത്. വിപണി വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികളുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയിലെത്തി ചർച്ച നടത്തിയാണ് കരാർ തയ്യാറാക്കിയത്. താങ്ങാവുന്ന വിലയിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് എൽ.പി.ജി ലഭ്യമാക്കുന്നതിന് പുതിയ കരാർ സഹായിക്കുമെന്നും ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ആഗോള വിപണിയിൽ എൽ.പി.ജി വിലയിൽ 60 ശതമാനം വർദ്ധനയുണ്ടായെങ്കിലും സമൂഹത്തിലെ താഴെത്തട്ടിലുള്ള വിഭാഗങ്ങൾക്ക് ഉജ്ജ്വല സ്കീമിലൂടെ സിലിണ്ടറിന് 550 രൂപയ്ക്ക് സിലിണ്ടർ ലഭ്യമാക്കാൻ കഴിഞ്ഞു. ഉത്പാദന ചെലവിലും താഴ്‌ത്തി എൽ.പി.ജി വിൽക്കുന്നതിനാൽ കമ്പനികൾക്ക് പ്രതിവർഷം 40,000 കോടി രൂപയുടെ നഷ്‌ടമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള തലത്തിൽ അതിവേഗം വളരുന്ന ഏറ്റവും വലിയ എൽ.പി.ജി വിപണിയാണ് ഇന്ത്യ. അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കുവാനുള്ള ചർച്ചകൾക്ക് പുതിയ തീരുമാനം ഊർജം പകരും.

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ ആദ്യ ഘട്ടം തയ്യാർ

ഇന്ത്യയും അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ആദ്യ ഘട്ട പ്രഖ്യാപനത്തിന് ധാരണയായെന്ന് വാണിജ്യ സെക്രട്ടറി അഗ്രവാൾ ഇന്നലെ വ്യക്തമാക്കി. തീരുവ സംബന്ധിച്ച തർക്കങ്ങൾ അതിവേഗം പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം പകരത്തീരുവയും 25 ശതമാനം പിഴത്തീരുവയും ഒഴിവാക്കാനാണ് ശ്രമം.