ലോകകപ്പിന്റെ ഡോർ തുറന്ന് നോർവേ

Monday 17 November 2025 11:51 PM IST

ഇറ്റലിയെ തോൽപ്പിച്ച നോർവേയ്ക്ക് 2026 ഫിഫ ലോകകപ്പിന് യോഗ്യത

എർലിംഗ് ഹാലാൻഡിന് ലോകകപ്പ് കളിക്കാൻ വഴിയൊരുങ്ങുന്നു

1998ന് ശേഷം ആദ്യമായാണ് നോർവേ ലോകകപ്പിനെത്തുന്നത്

മിലാൻ : തങ്ങളുടെ എക്കാലത്തെയും സൂപ്പർ താരം എർലിംഗ് ഹാലാൻഡിന് ലോകകപ്പിൽ കളിക്കാനുള്ള അവസരമുണ്ടാകണേയെന്ന നോർവേക്കാരുടെ സ്വപ്നം സഫലമാകാനൊരുങ്ങുന്നു. കഴിഞ്ഞ രാത്രി നടന്ന ലോകകപ്പ് യൂറോപ്യൻ മേഖലാ യോഗ്യതാ മത്സരത്തിൽ ഇറ്റലിയെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തോൽപ്പിച്ച് നോർവേ 2026 ഫിഫ ലോകകപ്പിന് ടിക്കറ്റെടുത്തു. ഇരട്ടഗോളുകൾ നേടി ഹാലാൻഡ് തന്നെയാണ് നോർവ്വേയുടെ ലോകകപ്പ് മോഹങ്ങൾക്ക് ചിറകുനൽകിയത്. 1998ലാണ് നോർവ്വേ അവസാനമായി ലോകകപ്പിൽ കളിച്ചത്.കഴിഞ്ഞദിവസം നടന്ന മറ്റൊരു മത്സരത്തിൽ അർമേനിയയെ 9-1ന് തകർത്തെറിഞ്ഞ് പോർച്ചുഗലും ലോകകപ്പിന് യോഗ്യത നേടിയിരുന്നു.

സ്വന്തം തട്ടകമായ മിലാനിലെ സാൻസിറോ സ്റ്റേഡിയത്തിൽ ഒരുമണിക്കൂർ പിന്നിടുമ്പോൾ ഒരു ഗോളിന് മുന്നിലായിരുന്ന ഇറ്റലിയെ അവസാന അരമണിക്കൂറിനുള്ളിലാണ് നാലുഗോളുകൾ അടിച്ചുകൂട്ടി നോർവ്വേ ഞെട്ടിച്ചുകളഞ്ഞത്.11-ാം മിനിട്ടിൽ പിയോ എസ്പൊസിറ്റോയിലൂടെ ഇറ്റലിയാണ് ആദ്യം മുന്നിലെത്തിയത്. 63-ാം മിനിട്ടിൽ അന്റോണിനോ നുസയിലൂടെയാണ് നോർവ്വേ ആദ്യ ഗോളടിക്കുന്നത്. 78,79 മിനിട്ടുകളിലായി ഹാലാണ്ടിൽനിന്നുതിർന്ന വെടിയുണ്ടകൾ നോർവ്വേയെ മുന്നിലെത്തിച്ചു. ഇൻജുറി ടൈമിൽ യോർഗൻ ലാർസനാണ് നാലാം ഗോൾ നേടിയത്.

ഗ്രൂപ്പ് ഐയിൽ എട്ടുകളികളിൽ എട്ടും ജയിച്ച് 24 പോയിന്റുമായി ഒന്നാമതെത്തി നോർവേ യോഗ്യത നേടിയത്. ആറ് ജയവും രണ്ടുതോൽവികളുമായി 18 പോയിന്റുള്ള ഇറ്റലി രണ്ടാമതാണ്. മുൻ ലോകചാമ്പ്യന്മാരായ ഇറ്റലിക്ക് ലോകകപ്പിൽ കളിക്കണമെങ്കിൽ പ്ളേ ഓഫിൽ ജയിക്കേണ്ട സ്ഥിതിയാണ്.

കഴിഞ്ഞ കളിയിൽ ചുവപ്പുകാർഡ് കണ്ടതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്ന യോഗ്യതാ മത്സരത്തിലാണ് പോർച്ചുഗൽ മുക്കാൽ ഡസൻ ഗോളുകളടിച്ച് അർമേനിയയെ തോൽപ്പിച്ചത്. ഹാട്രിക് നേടിയ ബ്രൂണോ ഫെർണാണ്ടസും യാവോ നെവസും ഓരോ ഗോളടിച്ച റെനാറ്റോയും ഗോൺസാലോ റാമോസും കോൺസീക്കാവോയും ചേർന്നാണ് പോർച്ചുഗലിന് ജയവും ലോകകപ്പ് ബർത്തുമൊരുക്കിയത്. ബ്രൂണോയുടേയും നെവസിന്റേയും ആദ്യ അന്താരാഷ്ട്ര ഹാട്രിക് ആയിരുന്നു ഇത്.

യൂറോപ്പിൽ നിന്ന് ഇതുവരെ ലോകകപ്പ് യോഗ്യത നേടിയവർ

ക്രൊയേഷ്യ,ഫ്രാൻസ്, ഇംഗ്ളണ്ട്, പോർച്ചുഗൽ, നോർവ്വേ.