യുവതയെ സംരംഭകരാക്കാൻ 'കെ-ടിക്കു'മായി കുടുംബശ്രീ
കൊല്ലം: പട്ടിക വർഗ വിഭാഗത്തിന്റെ സംരംഭക സ്വപ്നങ്ങൾ പ്രാവർത്തികമാക്കാൻ 'കെ-ടിക്' (കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെന്റർ) പദ്ധതിയുമായി കുടുംബശ്രീ. ജില്ലയിൽ നിന്ന് 25 പേരെയാണ് തിരഞ്ഞെടുത്തത്. 33പേർ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പരിശീലനം പൂർത്തിയാക്കിയപ്പോൾ 25 പേരായി ചുരുങ്ങി.
കുളത്തൂപ്പുഴ, തെന്മല, പിറവന്തൂർ, ആര്യങ്കാവ് എന്നിവിടങ്ങളിൽ നിന്നുള്ള യുവതി-യുവാക്കളാണ് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറെയും. കരകൗശല നിർമ്മാണ യൂണിറ്റ്, ഫാഷൻ ഡിസൈനിംഗ് യൂണിറ്റ്, എംബ്രോയിഡറി യൂണിറ്റ് എന്നിവ തുടങ്ങാനാണ് സന്നദ്ധത അറിയിച്ചത്.
ഓരോരുത്തർക്കും അതിനനുസരിച്ച് പരിശീലനവും സാങ്കേതിക സഹായങ്ങളും നൽകും. കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ഫണ്ടിൽ നിന്ന് 50,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപവരെയാണ് സഹായം. നേരത്തെ ഏതെങ്കിലും ഘട്ടത്തിൽ സംരംഭം തുടങ്ങി താത്കാലികമായി നിറുത്തിവച്ചവരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
താത്പര്യം അനുസരിച്ച് സംരംഭം പ്രാദേശിക സാദ്ധ്യതയ്ക്കനുസരിച്ച് സംരംഭങ്ങൾ തിരഞ്ഞെടുക്കാം
സാമ്പത്തിക സഹായം, പരിശീലനം എന്നിവ കുടുംബശ്രീ നൽകും
ഒരു വർഷത്തോളം മേൽനോട്ട സഹായത്തിന് പ്രത്യേക പരിശീലനം ലഭിച്ച മെന്റർമാരും
ഉന്നതികളിൽ അനിമേറ്റർമാരായി പ്രവർക്കുന്ന അംഗങ്ങളാണിവർ
18നും 35നുമിടയിൽ പ്രായമുള്ളവരെയാണ് പരിഗണിക്കുന്നത്
45 വയസുവരെയുള്ള പത്ത് ശതമാനം പേരും ഇതിൽ ഉൾപ്പെടും
ഓരോ പ്രദേശത്തെയും വിപണി സാദ്ധ്യതയ്ക്കനുസരിച്ച് സംരംഭങ്ങൾ നടപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പരിശീലനം പൂർത്തിയായി. ഫണ്ട് ലഭിച്ചാലുടൻ പദ്ധതികൾ ആരംഭിക്കും.
കുടുംബശ്രീ അധികൃതർ