സത്രീ സുരക്ഷാ പദ്ധതി വോട്ടാക്കാൻ എൽ.ഡി.എഫ്

Tuesday 18 November 2025 12:26 AM IST

കൊല്ലം: സംസ്ഥാന സർക്കാർ ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ച 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന സ്ത്രീ സുരക്ഷാ പദ്ധതി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാൻ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പ്രചാരണത്തിനിടെ പദ്ധതിയുടെ അപേക്ഷാ ഫാറം വീടുകളിൽ വിതരണം ചെയ്യും.

എ.എ.വൈ, മുൻഗണനാ കാർഡ് അംഗങ്ങളായ സ്ത്രീകളാണ് സ്ത്രീ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളാകാൻ അർഹർ. അതുകൊണ്ട് തന്നെ റേഷൻ കാർഡ് വാങ്ങി നോക്കിയ ശേഷം അപേക്ഷാ ഫാറം വിതരണം ചെയ്താൽ മതിയെന്നാണ് നിർദ്ദേശം. മുൻഗണനാ റേഷൻ കാർഡുകാർക്ക് വിഷമമുണ്ടാകാത്ത തരത്തിൽ റേഷൻകാർഡ് വാങ്ങി പരിശോധിച്ച് അർഹരാണെന്ന് ഉറപ്പാക്കിയ ശേഷമേ അപേക്ഷ നൽകൂ.

ഒരു ബൂത്തിൽ രണ്ട് വനിതാ പ്രവർത്തകരെ അപേക്ഷ ഫാറം വിതരണത്തിനായി ചുമതലപ്പെടുത്തും. മുൻഗണനാ വിഭാഗക്കാരായ സ്ത്രീകളോട് വിവരങ്ങൾ ആരായുമ്പോൾ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും നിർദ്ദേശമുണ്ട്.

സ്ഥാനാർത്ഥിക്കൊപ്പം സോഷ്യൽ മീഡിയ

സ്ഥാനാർത്ഥിക്കൊപ്പം പൂർണ സമയം സോഷ്യമീഡിയ പ്രവർത്തകൻ ഉണ്ടാകണമെന്നും ബൂത്ത് തലത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. നല്ല പ്രതികരണങ്ങൾ ഒപ്പിയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കണം. ദൂരെ സ്ഥലങ്ങളിലും ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള വോട്ടർമാരുടെ ഫോൺ നമ്പരുകൾ ശേഖരിക്കും. എല്ലാ ദിവസവും ഡിവിഷൻ, ബൂത്ത് സെന്റർ യോഗങ്ങൾ ചേർന്ന് പ്രവർത്തനം വിലയിരുത്തും. ഘടകകക്ഷി നേതാക്കളെയും പ്രവർത്തകരെയും പിണക്കരുതെന്നും സി.പി.എം കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.