അയ്യപ്പഭക്തന്‍മാര്‍ക്ക് സമ്മാനവുമായി റെയില്‍വേ; നാല് സംസ്ഥാനങ്ങളില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍

Tuesday 18 November 2025 12:33 AM IST

പാലക്കാട്: വീണ്ടുമൊരു മണ്ഡലകാലം കൂടി ആരംഭിച്ചതോടെ ശബരിമലയിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കാരംഭിച്ചു. കേരളത്തിലെ വിവിധ ജില്ലകള്‍ക്കു പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭക്തരെത്തി തുടങ്ങിയതോടെ കോട്ടയം, ചെങ്ങന്നൂര്‍ വഴി ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. വിശാഖപട്ടണം-കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍(നമ്പര്‍-08539/40) ആണിത്. ആഴ്ചയില്‍ ഒന്നുവീതം സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിനിന്റെ ആദ്യ സര്‍വീസ് ഇന്നാണ്. മകരവിളക്ക് തിരക്ക് കൂടി പരിഗണിച്ച് ഈ ട്രെയിന്‍ ജനുവരി 20 വരെ സര്‍വീസ് നടത്തും.

ഇരുവശത്തേക്കുമായി ആകെ 20 സര്‍വീസ്. ചൊവ്വാഴ്ചകളില്‍ രാവിലെ 8.20നു വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.27നു പാലക്കാടും ഉച്ചയ്ക്ക് 1.45നു കൊല്ലത്തും എത്തും. തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍(നോര്‍ത്ത്), കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവയാണ് സ്‌പെഷ്യല്‍ ട്രെയിനിന്റെ കേരളത്തിലെ മറ്റു സ്റ്റോപ്പുകള്‍. മടക്ക സര്‍വീസ് എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് അഞ്ചിന് കൊല്ലത്തു നിന്നു പുറപ്പെടും. രാത്രി 10.57നു പാലക്കാടും പിറ്റേന്ന് രാത്രി 11നു വിശാഖപട്ടണത്തും എത്തും.

കോച്ചുകള്‍: 2- എ.സി ടു ടയര്‍, 3- എ.സി ത്രീ ടയര്‍, 3-എ.സി ത്രീ ടയര്‍ എക്കണോമി കോച്ചുകളും 8 സ്ലീപ്പര്‍ക്ലാസ് കോച്ചുകളും 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളും ഭിന്നശേഷിക്കാര്‍ക്കായുള്ള ഒരു സെക്കന്‍ഡ് ക്ലാസ് കോച്ചും ഒരു ലഗേജ് കം ബ്രേക്ക് വാനും അടങ്ങിയതാണ് സ്‌പെഷ്യല്‍ ട്രെയിന്‍.

മണ്ഡല മകരവിളക്ക് കാലത്ത് അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് നേരത്തെ അഞ്ച് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നാലെണ്ണം ചെന്നൈയില്‍ നിന്നും ഒരെണ്ണം ഹൈദരാബാദില്‍(ചര്‍ലപ്പള്ളി) നിന്നുമാണ്. ഇതില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് ആരംഭിച്ചു. ശേഷിച്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ യഥാക്രമം നവംബര്‍ 20, 22, 24 തീയതികളില്‍ സര്‍വീസ് ആരംഭിക്കും. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്കായി വരും ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.