സ്ഥാനാർത്ഥി നിർണയം കെ.പി.സി.സിക്ക് പരാതി പ്രവാഹം
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വിമത ശല്യത്തിന് പുറമെ കെ.പി.സി.സി യിലേക്ക് ഒന്നിന് പിറകെ മറ്റൊന്നായി പരാതികളും. ജില്ലാ, ബ്ളോക്ക് പഞ്ചായത്തുകളുമായി ബന്ധപ്പെട്ടാണ് പരാതികളിൽ അധികവും.
എറണാകുളം ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിൽ വ്യവസായി പി.എ മുക്താറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ ഡി.സി.സി ഭാരവാഹികളുൾപ്പെടെ 24 പേർ ഒപ്പിട്ട പരാതിയാണ് കിട്ടിയത്. നിലവിലെ ബ്ളോക്ക് പഞ്ചായത്ത് അംഗവും ഡി.സി.സി ഭാരവാഹികളുമുൾപ്പെടെയുള്ളവരെയാണ് ഇവിടെ സ്ഥാനാർത്ഥിയാക്കാൻ പരിഗണിച്ചിരുന്നത്. എന്നാൽ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കിയതാണ് പരാതിക്ക് കാരണം. പല ജില്ലകളിലും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായിട്ടില്ല. പ്രഖ്യാപനം കഴിയുന്നതോടെ പരാതികളുടെ എണ്ണം കൂടാനാണ് സാദ്ധ്യത.
സീറ്റു വിഭജനവും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളും പരാതികളും അതാത് ജില്ലകളിൽ തീർപ്പാക്കണമെന്നായിരുന്നു നിർദ്ദേശം. ജില്ലാ തലത്തിൽ പരിഹാരമാവാത്തതിനാലാണ് കെ.പി.സി.സിയിലേക്ക് എത്തിയത്. കിട്ടിയ പരാതികൾ വിശദമായി പരിശോധിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മലയിൻകീഴ് ഡിവിഷനിലെസ്ഥാനാർത്ഥിക്ക് എതിരെയാണ് ഒരു വിഭാഗം രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ രേഖാമൂലം പരാതി നൽകിയിട്ടില്ല. അഴിമതി ആരോപണ വിധേയനെയാണ് സ്ഥാനാർത്ഥിയാക്കിയതെന്നാണ് ആക്ഷേപം. ഇദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കരുതെന്ന് കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകിയിട്ടും അവഗണിക്കുകയായിരുന്നെന്നാണ് ആക്ഷേപം.