മല്ലപ്പള്ളിയിൽ ഗുരുവിനെ നേരിടാൻ പ്രിയ ശിഷ്യൻ
പത്തനംതിട്ട: ഗുരു ശിഷ്യനെ തളയ്ക്കുമോ, ശിഷ്യൻ ഗുരുവിനെ വീഴ്ത്തുമോ? അതാണ് മല്ലപ്പള്ളിക്കാരുടെ ആകാംക്ഷ. ജില്ലാപഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലാണ് ഗുരു - ശിഷ്യ പോരാട്ടം. കോൺഗ്രസ് സ്ഥാനാർത്ഥിയായ ബിജു ടി. ജോർജിന്റെ വിദ്യാർത്ഥിയായിരുന്നു സി.പി.എം സ്ഥാനാർത്ഥി എസ്.വി. സുബിൻ. 1991 -93ൽ ബിജു ടി. ജോർജിന്റെ കൊമേഴ്സ് ക്ളാസിലെ അച്ചടക്കമുള്ള പ്രീഡിഗ്രി വിദ്യാർത്ഥി. മല്ലപ്പള്ളി ട്രിനിറ്റി കോളേജിൽ ബിജു ടി. ജോർജ് കൊമേഴ്സ് ആൻഡ് അക്കൗണ്ടൻസി അദ്ധ്യാപകനായിരുന്നു. ക്ളാസ് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിക്കൊണ്ടിരുന്ന സുബിനെ ബിജു ടി. ജോർജ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രീഡിഗ്രി പഠനശേഷം സുബിൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. ബിജു ടി.ജോർജ് തുരുത്തിക്കാട് ബി.എ. എം കോളേജിൽ അദ്ധ്യാപകനുമായി. ഗുരുശിഷ്യ ബന്ധത്തിനപ്പുറം ഇരുവരും തമ്മിലുള്ള സൗഹൃദം വളരുകയും ചെയ്തു.
മല്ലപ്പള്ളി ഡിവിഷനിൽ ബിജു ടി. ജോർജിനെ കോൺഗ്രസ് നേരത്തേ തീരുമാനിച്ചിരുന്നു. മത്സരിക്കാനില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്ന എസ്.വി. സുബിനെ സ്ഥാനാർത്ഥിയായി സി.പി.എം പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായാണ്. ജില്ലാപഞ്ചായത്ത് മുൻ അംഗമായിരുന്ന സുബിൻ ഇത് രണ്ടാം തവണയാണ് മല്ലപ്പള്ളി ഡിവിഷനിൽ മത്സരിക്കുന്നത്. പത്തനംതിട്ട ഡി.സി.സി അംഗമായ ബിജു ടി. ജോർജ് നേരത്തേ ബ്ളോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ബി.എ.എം കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ച ബിജു ടി. ജോർജ് നിലവിൽ പറക്കാത്താനം സെന്റ്തോമസ് കോളേജിലെ പ്രിൻസിപ്പലാണ്. നിലവിൽ മല്ലപ്പള്ളി ഡിവിഷനിലെ സി.പി.എം അംഗമാണ് .
സുബിൻ എന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല ബന്ധം തുടരുന്നു. ആരോഗ്യകരമായ മത്സരമാണ് നടക്കുന്നത്.
ബിജു ടി. ജോർജ്
ഗുരുവിനെതിരെ മത്സരിക്കുന്നതിൽ വിഷമമുണ്ട്. രാഷ്ട്രീയ തീരുമാനം അനുസരിച്ച് ശക്തമായ മത്സരം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. സൗഹൃദം തുടരും.
എസ്.വി. സുബിൻ