വ്രതമെടുത്ത് കറുത്തവസ്ത്രം ധരിച്ച വിദ്യാർത്ഥികളെ പുറത്താക്കി
Tuesday 18 November 2025 2:14 AM IST
ആമ്പല്ലൂർ : ശബരിമല ദർശനത്തിന് വ്രതമെടുത്ത് കറുത്തവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ ക്ലാസിൽ നിന്നു പുറത്താക്കി. അളഗപ്പ നഗർ പഞ്ചായത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെയാണ് പ്ളസ്ടു സയൻസ് ക്ലാസിൽ നിന്നു പുറത്താക്കിയത്. യൂണിഫോം ധരിച്ചാലേ ക്ലാസിൽ ഇരിക്കാനൊക്കൂവെന്നായിരുന്നു ക്ലാസ് ടീച്ചറുടെയും സ്റ്റാഫ് സെക്രട്ടറിയുടെയും നിലപാട്. വിദ്യാർത്ഥികൾ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വിവരമറിഞ്ഞ് ബി.ജെ.പി, കോൺഗ്രസ്, സി.പി.എം പ്രവർത്തകരും പഞ്ചായത്ത് അധികൃതരും സ്‌കൂളിലെത്തി. വിദ്യാർത്ഥികളെ പുറത്താക്കിയ അദ്ധ്യാപികമാർ മാപ്പ് പറയണമെന്ന് ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെട്ടു. പുതുക്കാട് എസ്.എച്ച്.ഒ ആദം ഖാന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കറുത്ത വസ്ത്രം ധരിച്ചെത്താമെന്ന് വിദ്യാലയ അധികൃതർ സമ്മതിച്ചതോടെ പ്രശ്‌നം പരിഹരിച്ചു.