ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ തെളിവെടുപ്പ്

Tuesday 18 November 2025 2:37 AM IST

വർക്കല:കേരള എക്സ്‌പ്രസ് ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടിത്തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാറിനെ വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷനിലും അപകടം നടന്ന അയന്തി പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിലും എത്തിച്ച് റെയിൽവേ പൊലീസ് തെളിവെടുപ്പ് നടത്തി. എറണാകുളം റെയിൽവേ പൊലീസ് ഡിവൈ.എസ്.പി ജോർജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ രാവിലെ 10.30ഓടെയാണ് സുരേഷ് കുമാറിനെ വർക്കലയിലെത്തിച്ചത്. തുടർന്ന് അയന്തിപാലം റെയിൽവേ ട്രാക്കിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ വച്ചാണോ ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തിയതെന്ന ചോദ്യത്തിന് മദ്യപിച്ചിരുന്നതിനാൽ സ്ഥലം ഓർമ്മയില്ലെന്നായിരുന്നു മറുപടി.

ഇക്കഴിഞ്ഞ നവംബർ 2ന് രാത്രി 8.30ഓടെയാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്സ്‌പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന പാലോട് സ്വദേശിനി ശ്രീക്കുട്ടി(20)യെ സുരേഷ് കുമാർ പുറത്തേക്ക് ചവിട്ടി തള്ളിയിട്ടത്. ഒപ്പമുണ്ടായിരുന്ന അർച്ചനയെയും ഇയാൾ ചിവിട്ടി പുറത്തേക്കിടാൻ ശ്രമിച്ചിരുന്നു. പുക വലിച്ചത് പെൺകുട്ടികൾ ചോദ്യം ചെയ്തതോടെയാണ് സുരേഷ് കുമാർ ആക്രമിച്ചത്.