കസ്റ്റഡി മർദ്ദനം:എസ്.ഐ നഷ്ടപരിഹാരം നൽകണം
തിരുവനന്തപുരം:നിർമ്മാണ തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ചതിന് എസ്.ഐയ്ക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്.വർക്കല എസ്.ഐയായിരുന്ന പി.ആർ രാഹുലിനെതിരെയാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവ്. മർദ്ദനമേറ്റ കൊല്ലം ചാത്തന്നൂർ സ്വദേശി സുരേഷിന് രണ്ടു മാസത്തിനകം സർക്കാർ തുക നൽകണം.എസ്.ഐ രാഹുലിൽ നിന്ന് തുക തിരിച്ചുപിടിക്കണം.2മാസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ 8ശതമാനം പലിശയും നൽകണം.നഷ്ടപരിഹാരം കൈമാറി ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു.2022 ഓഗസ്റ്റ് 30ന് മതിൽ നിർമ്മാണ ജോലിക്കിടെ ബലപ്രയോഗത്തിലുടെ ജീപ്പിൽ കയറ്റി വർക്കല സ്റ്റേഷനിലെത്തിച്ച് സുരേഷിനം മർദ്ദിക്കുകയായിരുന്നു.കരമണ്ണ് ഖനനം ചെയ്തതു കൊണ്ടാണ് സുരേഷിനെ അറസ്റ്റ് ചെയ്തതെന്നാണ് എസ്.ഐയുടെ വാദം.എന്നാൽ വാഹനം പിടിച്ചെടുത്തിട്ടില്ലെന്ന് കമ്മിഷൻ കണ്ടെത്തി. നിസാര കുറ്റത്തിന് 6മണിക്കൂർ സുരേഷിനെ കസ്റ്റഡിയിൽ വച്ചതായും ദേഹോപദ്രവമേൽപ്പിച്ചതായും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.വർക്കല എസ്.ഐ ജയരാജ്, ജീപ്പ് ഡ്രൈവർ എസ്.ജെസീൻ എന്നിവർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിയിക്കാനായിട്ടില്ലെന്ന് പൊലീസ് മേധാവി കമ്മിഷനെ അറിയിച്ചു. എസ്.ഐ രാഹുലിനെതിരേ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിജിപി വ്യക്തമാക്കി.