ക്ഷേത്രങ്ങൾ അറിവ് പകരുന്ന ഇടമാകണം: സ്വാമി ശുഭാംഗാനന്ദ
ചവറ: ക്ഷേത്രങ്ങൾ മനുഷ്യർക്ക് അറിവ് പകരുന്ന ഇടമായി മാറണമെന്ന് ശിവഗിരി മഠം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. ചവറ പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവസമൂഹം സഹോദരതുല്യം വാഴുന്ന സാമൂഹിക പശ്ചാത്തലമാണ് ശ്രീനാരായണ ഗുരുദേവൻ സ്വപ്നം കണ്ടത്. ജ്ഞാനത്തിലൂടെയേ ഗുരുദേവന്റെ സ്വപ്നം സാദ്ധ്യമാകൂ. വിദ്യാലയങ്ങളും ഗ്രന്ഥശാലകളും തൊഴിൽ ശാലകളുമാണ് മാനവസമൂഹത്തിന് ആവശ്യം. ഇത് ജീവിതത്തെ ധന്യമാക്കാൻ ഉണ്ടാവേണ്ടതാണെന്ന സങ്കൽപ്പവും ലക്ഷ്യവും ഗുരു നമ്മെ പഠിപ്പിച്ചു. വിഭാഗീയ ചിന്തകൾ മാറ്റി വിശ്വാസസമൂഹം ഒറ്റക്കെട്ടായി മുന്നേറണമെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് അദ്ദേഹത്തിന്റെ മകൻ കൈതപ്രം ദീപാങ്കുരൻ ഈണം നൽകിയ ഗാനങ്ങളുടെ പ്രകാശനവും നടന്നു.
സി.ബാബു, മധു ബാലകൃഷ്ണൻ, സുനിൽ നമ്പ്യാർ, കൈതപ്രം ദീപാങ്കുരൻ, സുരേഷ് കല്ലയം, ഡോ. പള്ളിക്കൽ സുനിൽ, ജയ ചിത്ര എന്നിവർ സംസാരിച്ചു. ദൈവദശകം ആലപിച്ച് സോഷ്യൽ മീഡിയയിൽ വൈറൽ താരമായ അഷിബ അൻവറിന്റെ ദൈവദശകം ആലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.സജി സ്വാഗതവും അസി. സെക്രട്ടറി എസ്.ദിനേശ് നന്ദിയും പറഞ്ഞു.