വേണ്ടെന്നു പറഞ്ഞ് ഈ സാധനങ്ങൾ വെറുതെ കളയല്ലേ,​ കൈയിലെത്തും പണം

Tuesday 18 November 2025 2:40 AM IST

കൊല്ലം: വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യം ഉപേക്ഷിക്കാൻ തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനി ആരംഭിച്ച ഇക്കോ ബാങ്കിൽ ജില്ലയിൽ രണ്ട് മാസത്തിനിടെ സ്വീകരിച്ചത് 3,893 കിലോ മാലിന്യം. ഇ മാലിന്യം (ടി.വി, ഫ്രിഡ്ജ്, ലാപ്‌ടോപ്, കംപ്യൂട്ടർ) 7.2 കിലോയും, ബാഗ് /ചെരിപ്പ്/ തെമോക്കോൾ 8 കിലോയും തുണി 58 കിലോയും നിഷ്‌ക്രിയ മാലിന്യം (പ്ലാസ്റ്റിക്, ലെതർ ഉത്പന്നങ്ങൾ, സിമന്റ് ചാക്ക്) 3,815 കിലോയും വേർതിരിച്ചെടുത്തത് 5 കിലോയുമാണുള്ളത്.

ശേഖരിക്കുന്നവരിൽ പുനരുപയോഗിക്കാൻ കഴിയുന്ന കാർഡ് ബോർഡ് അടക്കമുള്ള അജൈവമാലിന്യങ്ങൾ ഇക്കോ ബാങ്കിൽ എത്തിച്ചു നൽകുന്നവർക്ക് നിശ്ചിത തുക നൽകും. എന്നാൽ നിഷ്‌ക്രിയ മാലിന്യങ്ങൾ, ആപത്കര മാലിന്യങ്ങൾ (ട്യൂബ്, സി.എഫ്.എൽ) തുടങ്ങിയവ സംസ്‌കരിക്കാൻ അധികം ചെലവ് വരുമെന്നതിനാൽ മാലിന്യം തരുന്നവരുടെ പക്കൽ നിന്ന് ചെറിയ തുക ഈടാക്കും. വിലവിവര പട്ടിക ശേഖരണം നടക്കുന്ന ഗോഡൗണിൽ പ്രദർശിപ്പിച്ചിരിക്കും. വീടുകൾ, സ്ഥാപനങ്ങൾ, നിർമ്മാണ, ആഘോഷ സ്ഥലങ്ങൾ തുടങ്ങി എവിടെയുമുണ്ടാകുന്ന അജൈവ മാലിന്യവും ഇക്കോ ബാങ്കിൽ നൽകാം. നിലവിൽ ഹരിത കർമ്മ സേനകൾ വഴി എല്ലാ പഞ്ചായത്തുകളിലും അജൈവ മാലിന്യങ്ങളും നഗരസഭകൾ വഴി ഇലക്ട്രോണിക് മാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്. ഇതിന് പുറമേയാണ് ഇക്കോ ബാങ്കിന്റെ പ്രവർത്തനം. മാലിന്യങ്ങൾ തരം തിരിച്ച് സംസ്‌കരിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ക്ലീൻ കേരള കമ്പനിയായിരിക്കും.

നേരിട്ട് എത്തിക്കണം

വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നേരിട്ട് ചന്ദനത്തോപ്പ് ചാത്തിനാംകുളത്തെ ഗോഡൗണിലെത്തിക്കണം

ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യത്തെ ഇക്കോ ബാങ്ക്

തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഇവിടെ മാലിന്യം ശേഖരിക്കും.

ഞായർ ,പൊതു അവധി ദിവസങ്ങളിൽ പ്രവർത്തിക്കില്ല

ഇവ സ്വീകരിക്കില്ല

ഭക്ഷണാവശിഷ്ടം , മെഡിക്കൽസാനിറ്ററി മാലിന്യം , അപകടകരമായ രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറുകൾ

ഫോൺ

0474 271 0010

755 808 9944

പണം ഈടാക്കുന്നത് (കിലോയ്ക്ക് )

നിഷ്‌ക്രിയ മാലിന്യങ്ങൾ: 10 രൂപ ആപത്കര മാലിന്യങ്ങൾ: 55 + ജി.എസ്.ടി

പണം നൽകുന്നത് (കിലോയ്ക്ക്)

പെറ്റ് ബോട്ടിൽ 17 രൂപവേണ

കാർഡ് ബോർഡ് 8

അലൂമിനിയം കാൻ 70

ഇരുമ്പ് ? 18

ഗ്ലാസ് ബോട്ടിൽ 1.15

മിൽക്ക് കവർ 12

പേപ്പർ മിക്സ് 1.5

സ്റ്റീൽ 27

മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇക്കോ ബാങ്ക് ആരംഭിച്ചത്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ക്ലീൻ കേരള കമ്പനി അധികൃതർ