ശബരിമല സ്വർണക്കൊള്ള; എസ്‌ഐടിയുടെ പത്തുമണിക്കൂർ നീണ്ട പരിശോധന പൂർത്തിയായി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) ശാസ്ത്രീയ പരിശോധന പൂർത്തിയായി. സന്നിധാനത്ത് ഏകദേശം പത്ത് മണിക്കൂറോളം നീണ്ട പരിശോധന ഇന്ന് പുലർച്ചെയാണ് പൂർത്തിയായത്. ഹെെക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. എസ്‌ഐടി സംഘം സന്നിധാനത്തുനിന്ന് ഇന്ന് മടങ്ങും. എസ് പി ശശിധരന്റെ നേതൃത്വത്തിൽ വിദഗ്ധരടങ്ങുന്ന 15 അംഗ സംഘമാണെത്തിയത്.
സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കിമാറ്റി. സോപാനാത്തെ പാളികൾ തിരികെ സ്ഥാപിച്ചു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിന്റെ വലത് ഭാഗത്തെ പാളികളും നിലവിൽ നീക്കം ചെയ്തിട്ടുണ്ട്. പാളികൾ വ്യാജമാണോ എന്ന് കണ്ടെത്താൻ കാലപ്പഴക്കം പരിശോധിക്കും.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുടെ സൈഡ് പില്ലർ പാളികളുടെ തൂക്കം, 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തെ സ്വർണത്തിന്റെ സാമ്പിളുകൾ, മറ്റിടങ്ങളിലെ സാമ്പിളുകൾ, ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളകളിലെയും ചെമ്പുപാളികളുടെ സാമ്പിളുകൾ തുടങ്ങിയവ സംഘം ശേഖരിച്ചെന്നാണ് വിവരം.
അതേസമയം, സ്വർണക്കൊള്ളക്കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് സിംഗിൾ ബെഞ്ച് തത്‌കാലത്തേയ്ക്ക് തടഞ്ഞിരിക്കുകയാണ്. സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും മേലുദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് ഫയലിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നുമാണ് ജയശ്രീയുടെ വാദം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.