ഇങ്ങനെയും ഒരു ജോലി ഉണ്ട്; അഞ്ച് മിനിട്ട് കെട്ടിപ്പിടിക്കാൻ ഈടാക്കുന്നത് 600 രൂപവരെ

Tuesday 18 November 2025 11:11 AM IST

സ്‌നേഹവും സാന്ത്വനവുമൊക്കെ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ ഇന്നത്തെക്കാലത്ത് എല്ലാവരും തിരക്കിലാണ്. അതിനാൽത്തന്നെ കെയറിംഗിനൊന്നും പലർക്കും സമയം കിട്ടുകയില്ല. ഡിപ്രഷൻ അടക്കമുള്ള പ്രശ്നങ്ങൾക്കിത് കാരണമാകുകയും ചെയ്യും. ഇതിന് പരിഹാരമെന്നോണം ചൈനയിൽ പുതിയൊരു പ്രവണത ഉരുത്തിരിഞ്ഞിട്ടുണ്ട്.

'പുരുഷ അമ്മ' എന്നാണ് ഇതിന് അവർ നൽകിയിരിക്കുന്ന പേര്. പഠനത്തിലും ജോലിസ്ഥലത്തും വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തിനിടയിൽ സമാധാനം തേടുന്ന സ്ത്രീകൾക്ക് കെട്ടിപ്പിടിച്ച് ആശ്വാസം നൽകുകയാണ് ഒരുകൂട്ടം യുവാക്കൾ. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിഷയം വ്യാപകമായി ചർച്ചയാകുന്നുണ്ട്.

ആലിംഗനം സൗജന്യമല്ല. കസ്റ്റമേഴ്സിൽ നിന്ന് പണം ഈടാക്കുകയും ചെയ്യുന്നു. 20 മുതൽ 50 യുവാൻ വരെയാണ് (ഏകദേശം 250 മുതൽ 600 രൂപ വരെ) അഞ്ച് മിനിറ്റ് ആലിംഗനം ചെയ്യാൻ ഈടാക്കുന്നത്. പാർക്കുകൾ, സബ്‌വേ സ്റ്റേഷനുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ വച്ചാണ് ആലിംഗനം ചെയ്യുക.

ഓവർടൈം ജോലിക്ക് ശേഷം തനിക്ക് കിട്ടിയ ആലിംഗനത്തെക്കുറിച്ച് ഒരു സ്ത്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ യുവാവ് തോളിൽ തട്ടി ജോലിസ്ഥലത്തെ പ്രശ്നങ്ങളെക്കുറിച്ച് കേട്ടു, അഞ്ച് മിനിട്ടിനുള്ളിൽ മാനസിക സമ്മർദ്ദത്തിന് ആശ്വാസം ലഭിച്ചെന്നാണ് യുവതി പറയുന്നത്.

കൃത്യമായി ജിമ്മിൽ പോകുന്ന, മസിലുള്ള യുവാക്കളാണ് ഈ മേഖലയിൽ ശോഭിക്കുന്നത്. വളരെ സൗമ്യമായിട്ടാണ് ഇവർ കസ്റ്റമേഴ്‌സിനോട്‌ യുവാക്കൾ സംസാരിക്കുന്നത്. യുവാക്കൾ ഇതിലൂടെ വലിയ തുകയാണ് സമ്പാദിക്കുന്നത്.