പാലക്കാട് ബിജെപിയിൽ ഭിന്നത; സ്ഥാനാർത്ഥി പട്ടിക ഏകപക്ഷീയം, സി കൃഷ്ണകുമാറിനെതിരെ നഗരസഭ മുൻ അദ്ധ്യക്ഷ

Tuesday 18 November 2025 11:35 AM IST

പാലക്കാട്: ജില്ലയിലെ ബിജെപിയിൽ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ടുകൾ. സ്ഥാനാർത്ഥി പട്ടിക ഏകപക്ഷീയമായാണ് തയ്യാറാക്കിയതെന്ന് നഗരസഭ മുൻ അദ്ധ്യക്ഷ പ്രമീള ശശിധരൻ പ്രതികരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ സംഘടന പിടിക്കാൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷനിൽ ക്ഷണിച്ചിരുന്നില്ല. സ്വന്തം വാർഡിലെ സ്ഥാനാർത്ഥിയെ ഇന്നലെ വൈകിട്ടാണ് അറിഞ്ഞത്. പല പരിപാടികളിലും ക്ഷണിക്കാറില്ല. ചെയർപേഴ്സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചെന്നും അവർ വ്യക്തമാക്കി. തന്നെ ക്ഷണിച്ച പരിപാടികളിലേക്ക് രാഷ്ട്രീയം നോക്കാതെ പോകാറുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കൊപ്പം വേദി പങ്കിട്ടത് അത്തരത്തിലാണെന്നും പ്രമീള കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പ്രമീള വേദി പങ്കിട്ടത് ബിജെപിക്കുള്ളിൽ വലിയ ചർച്ചയായിരുന്നു. സ്റ്റേഡിയം ബൈപാസ് ജില്ലാ ആശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രമീള ശശിധരനും രാഹുലും പങ്കെടുത്തത്. രാഹുലിന്റെ എം എൽ എ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്. രാഹുലിനെ പൊതു പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്.