പ്രവാസിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ആറുലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനം നടത്തി ദുബായ് ബിസിനസുകാരൻ
ദുബായ്: രണ്ട് വർഷത്തിലധികമായി യുഎഇയിൽ കാണാതായ ഇന്ത്യൻ പ്രവാസിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 ദിർഹം (6,03,210 രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ദുബായ് റിയൽ എസ്റ്റേറ്റ് വ്യാപാരി. 39കാരനായ രാകേഷ് കുമാർ ജംഗിദിനെയാണ് കാണാതായത്. പാന്തൻ ഡവലപ്പേഴ്‌സ് സ്ഥാപകനും ചെയർമാനുമായ കൽപേഷ് കിനാരിവാല ആണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഗൃഹനാഥന്റെ തിരോധാനത്തോടെ കുടുംബം നേരിടുന്ന പ്രതിസന്ധികൾ മാദ്ധ്യമങ്ങളിൽ വായിച്ചറിഞ്ഞതോടെയാണ് സഹായിക്കാൻ തീരുമാനിച്ചതെന്ന് കൽപേഷ് വെളിപ്പെടുത്തി.
'എനിക്ക് 12ാം വയസിൽ പിതാവിനെ നഷ്ടമായി. ആശ്രയിക്കുന്നൊരാളെ പെട്ടെന്ന് നഷ്ടപ്പെട്ടാൽ എന്താണ് അവസ്ഥയെന്ന് നന്നായറിയാം. ഏതെങ്കിലും രീതിയിൽ രാകേഷിനെ കണ്ടെത്താനോ അദ്ദേഹത്തിന്റെ മക്കൾക്ക് ചെറിയൊരു പ്രതീക്ഷയോ നൽകാൻ സാധിച്ചാൽ, ഒരു സമൂഹമെന്ന നിലയിൽ ചെയ്യാൻ സാധിക്കുന്ന ഏറ്റവും ചെറിയ കാര്യമാണത്'- കൽപേഷ് വ്യക്തമാക്കി.
രാജസ്ഥാനിലെ ജുൻജുനുവിൽ നിന്നുള്ള മാർബിൾ പണിക്കാരനായ രാകേഷ് 60 ദിവസത്തെ യുഎഇ ടൂറിസ്റ്റ് വിസയിൽ 2023 ജൂൺ 21 നാണ് ദുബായിൽ എത്തിയത്. രണ്ടാഴ്‌ചയോളം കുടുംബവുമായി പതിവായി ബന്ധം പുലർത്തിയിരുന്നു. ജൂലായ് ആറിനാണ് അവസാനമായി കുടുംബവുമായി സംസാരിച്ചത്.
രാകേഷിനെ ഫോണിൽ ലഭിക്കാതായതോടെ അദ്ദേഹത്തെ ദുബായിലെത്തിച്ച ഏജന്റുമായി ബന്ധപ്പെട്ടെങ്കിലും അവ്യക്തമായ പ്രതികരണമാണ് ലഭിച്ചതെന്ന് കുടുംബം പറയുന്നു. 2024 മാർച്ചിൽ രാകേഷ് ജയിലിലാണെന്ന് അറിച്ചുകൊണ്ടുള്ള സന്ദേശം ലഭിച്ചു. പിന്നാലെ രാകേഷിന്റെ സഹോദരൻ മഖൻ ലാൽ ദുബായിലെത്തി പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് അൽ മുരഖ്‌ബാത്ത് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. രാകേഷിന്റെ തിരോധാനത്തിൽ 2023 ഓഗസ്റ്റ് മുതൽ കേസ് പിന്തുടരുന്നുണ്ടെന്നും യുഎഇ അധികൃതരുമായി ഏകോപിപ്പിക്കുന്നുണ്ടെന്നുമാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചത്.