ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്റെ കാൽ; സ്ഥലത്ത് പരിശോധന

Tuesday 18 November 2025 12:45 PM IST

ആലപ്പുഴ: റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി. എറണാകുളം - ആലപ്പുഴ മെമു ട്രെയിൻ ട്രാക്കിൽ നിന്ന് മാറ്റിയപ്പോഴാണ് മൃതദേഹാവശിഷ്ടം കണ്ടത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് മെമു ട്രെയിൻ ആലപ്പുഴയിൽ എത്തിയത്. ട്രെയിൻ യാർഡിലേക്ക് മാറ്റിയ ശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാൽ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കുമോയെന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കും അതിനുശേഷം കോട്ടയത്തേക്കും ഷൊർണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കും സർവീസ് നടത്തുന്ന മെമു ട്രെയിനാണ് ഇത്. വിവിധ ജില്ലകളിലൂടെ പോകുന്ന ട്രെയിൻ ആയതിനാൽ മറ്റ് ജില്ലകളിൽ ആരെങ്കിലും ട്രെയിൻ തട്ടി മരിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. മൃതദേഹ ഭാഗത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.