ഇതാണ് ഗയ്സ് ആരോണും കൂട്ടുകാരും; 'ഇൻസ്റ്റഗ്രാം കത്തിച്ച' ആ വെെറൽ കുട്ടിപ്പട്ടാളം ഇവിടുണ്ട്

Tuesday 18 November 2025 3:41 PM IST

'ഹലോ ഗയ്സ്. നമ്മൾ ആരോണിന്റെ വീട്ടിൽ വന്നിരിക്കുകയാണ്. ഇതാണ് ആരോണിന്റെ വീട്' അടുത്തിടെയായി ഇൻസ്റ്റഗ്രാമിൽ വെെറലായ ഡയലോഗാണിത്. ഒരു സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങളുടെ കൂട്ടുകാരന്റെ വീട്ടിൽ എത്തുമ്പോൾ തമാശയ്ക്ക് ചിത്രീകരിച്ച് വീഡിയോ ഇന്ന് 40 ലക്ഷം വ്യൂസാണ് സ്വന്തമാക്കിയിരിക്കുന്നത്.

കോട്ടയം ചങ്ങനാശ്ശേരിക്ക് അടുത്തുള്ള കാടമുറി സിഎംഎസ്എൽപി സ്കൂളിലെ കുട്ടിപ്പട്ടാളത്തിന്റേതാണ് വീഡീയോ. സ്കൂളിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ച സ്കൂളിലെ അദ്ധ്യാപകനായ ജെറിൻ സി കുട്ടികളെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ കേരളകൗമുദിയോട് പങ്കുവയ്ക്കുന്നു.

ആരോണിന്റെ വീട് എന്ന വീഡിയോയ്ക്ക് പിന്നിൽ

ജൂണിലാണ് ‌ഞാൻ സ്കൂളിൽ ജോലിക്കെത്തുന്നത്. എനിക്ക് കുറച്ച് എഡിറ്റിംഗ് അറിയാം. സ്കൂളിൽ പരിപാടികൾ നടക്കുമ്പോൾ അത് വീഡിയോ എടുത്ത് എഡിറ്റ് ചെയ്യാറുണ്ട്. അത് എല്ലാവർക്കും ഇഷ്ടമായി. അങ്ങനെ ഞാൻ സ്കൂളിലെ എച്ച്‌എമ്മായ റോയ് സാറിനോട് ഒരു ഇൻസ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം അതിന് സമ്മതം നൽകി.

തുടർന്ന് ഇൻസ്റ്റഗ്രാമിൽ 'cms_lps_kadamury' എന്ന പേരിൽ പേജ് തുടങ്ങുകയായിരുന്നു. ജൂൺ മുതൽ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് ശാസ്ത്രമേള വന്നത്. ശാസ്ത്രമേളയ്ക്ക് പോയി തിരിച്ചുവരുന്ന വഴിയ്ക്കാണ് ആരോണിന്റെ വീട്ടിൽ പോയത്. ആ സമയത്ത് വെറുതെ എടുത്ത വീഡിയോയാണ് അത്. അഭിയോണ എന്ന വിദ്യാർത്ഥിനിയാണ് വീഡിയോ എടുത്തത്. അന്ന് ആരോണിന്റെയും മഞ്ജിമയുടെ വീട്ടിൽ പോയിരുന്നു.

ശാസ്ത്രമേള കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ വീഡിയോകൾ എഡിറ്റ് ചെയ്ത് പുലർച്ചെ ഒരു മണിക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. രണ്ടുമണി ആയപ്പോൾ വ്യൂസ് 10,000 കടന്നിരുന്നു. അപ്പോൾ തന്നെ വെെറലാകുമെന്ന് ഉറപ്പായിരുന്നു. മഞ്ജിമയുടെ വീട്ടിൽ പോയ വീഡിയോയും ഇപ്പോൾ 4.4 മില്യൺ വ്യൂസായി.

കുട്ടികളും മാതാപിതാക്കളും 'ഹാപ്പി'

വീഡിയോ ഇത്രയും വെെറലാകുമെന്ന് ഒരിക്കലും കരുതിയില്ല. കുട്ടികളൊക്കെ ഇപ്പോൾ വളരെ സന്തോഷത്തിലാണ്. അവരുടെ ജീവിത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമായിരുന്നു അത്. അവർ ഇപ്പോൾ എവിടെയെങ്കിലും പോകുമ്പോൾ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. കുട്ടികളുടെ മാതാപിതാക്കളും വളരെ സന്തോഷത്തിലാണ്. ഒരുപാട് മാതാപിതാക്കൾ വിളിച്ച് എന്നോട് സംസാരിച്ചു. സ്കൂളിലെ അദ്ധ്യാപകരും വളരെ സന്തേോഷത്തിലാണ്. ഇനിയും സ്കൂളിലെ പരിപാടികളുടെ വീഡിയോകൾ പങ്കുവയ്ക്കും. ഇപ്പോൾ എല്ലാഭാഗത്ത് നിന്നും നല്ല പ്രോത്സാഹനമാണ് കിട്ടുന്നത്. ഇത്തരം വീഡിയോകൾ കുട്ടികൾക്കും ഒരു പ്രചോദനമാണ്.