അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെൻസി ജീവനക്കാരൻ

Tuesday 18 November 2025 4:33 PM IST

ജോലിയിലെ അമിതസമ്മർദ്ദങ്ങളെ ജെൻസികൾ എങ്ങനെ നേരിടുമെന്ന് വ്യക്തമാക്കുന്ന ഒരു വാട്‌സാപ്പ് സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. ജെൻസി ജീവനക്കാരനും കമ്പനി മാനേജരും തമ്മിലുള്ള സംഭാഷണമാണ് ഇതിൽ. അമ്മാവന്റെ മരണത്തെക്കുറിച്ച് ജീവനക്കാരൻ മാനേജരെ അറിയിക്കുകയും അവധി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവധി നൽകാനാകില്ലെന്ന് ഉറപ്പിച്ച് പറയുന്ന മാനേജരുടെ സന്ദേശങ്ങളാണ് പോസ്റ്റിലുള്ളത്.

കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം വേണമെന്നും കുറച്ച് ദിവസം കമ്പനിയിൽ വരാൻ കഴിയില്ലെന്നുമായിരുന്നു ജീവനക്കാരൻ പറഞ്ഞത്. എന്നാൽ പ്രധാനപ്പെട്ട മീറ്റിംഗാണെന്നും അതിന് പങ്കെടുത്താലേ പറ്റുകയുള്ളൂവെന്നുമാണ് മാനേജർ പറയുന്നത്. അമ്മാവൻ തനിക്ക് രണ്ടാമത്തെ പിതാവിനെപ്പോലെയാണ്. അതുകൊണ്ട് ഈ സാഹചര്യത്തിൽ വീട്ടിൽ നിന്ന് മാറി നിൽക്കാനും മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ജീവനക്കാരനും അറിയിച്ചു. ഓഫീസിലെത്തണമെന്ന് ശാഠ്യം പിടിച്ച മാനേജരെ ജെൻസി ജീവനക്കാരൻ മാന്യത പഠിപ്പിക്കുന്നതാണ് പിന്നീടുള്ളത്.

അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിക്കാത്തത് ശരിയായ കാര്യമല്ല. കമ്പനിക്ക് വേണ്ടി അധികമായി ജോലികൾ ചെയ്തിട്ടുള്ള ആളാണ് താൻ. ഒരു ദിവസത്തേക്ക് മാത്രം അവധി നൽകാത്തത് ശരിയായ കാര്യമല്ലെന്നുമാണ് ജീവനക്കാരൻ പറയുന്നത്. എന്നാൽ കമ്പനിയുടെ പേരോ സ്ഥലമോ ഒന്നും തന്നെ പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടില്ല. ജീവനക്കാരന്റെ ആവശ്യം ന്യായമാണെന്നാണ് കമന്റുകളിലുള്ളത്. ഇത്തരം തൊഴിൽ സംസ്കാരം മാറ്റാൻ ജെൻസികൾക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.