സിപ്പ്‌ലൈൻ  അപകടം  എന്ന  പേരിൽ  വ്യാജ   ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Tuesday 18 November 2025 5:43 PM IST

ആലപ്പുഴ: വയനാട്ടിൽ സിപ്പ് ലൈൻ അപകടം എന്ന പേരിൽ വ്യാജ ദൃശ്യങ്ങൾ നിർമ്മിച്ച യുവാവിനെ സൈബർ പൊലീസ് പിടികൂടി. ആലപ്പുഴ തിരുവമ്പാടി സ്വദേശി അഷ്കർ അലിയെയാണ് വയനാട് സൈബർ പൊലീസ് അറസ്റ്റുചെയ്തത്. ആലപ്പുഴയിൽ നാലു കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിലവിൽ വ്യാജ വീഡിയോ നിർമ്മിച്ച കേസിലാണ് ഇയാളെ പിടികൂടിയത്.

വയനാട് ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലെ സിപ്പ് ലൈനിൽ അപകടമുണ്ടായെന്ന പേരിലാണ് പ്രതി വ്യാജ വീഡിയോ എഐ വഴി നിർമ്മിച്ച് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിച്ചിരുന്നത്. കുഞ്ഞിനെയും എടുത്ത് ഒരു അമ്മ സിപ്പ് ലൈനിൽ കയറാൻ ഒരുങ്ങുന്നതും അതിന് ശേഷം പെട്ടെന്ന് സിപ്പ് ലൈൻ പൊട്ടി ഓപ്പറേറ്റർ അടക്കം താഴ്ചയിലേക്ക് വീഴുന്നതുമാണ് വ്യാജവീഡിയോയിൽ കാണിച്ചിരുന്നത്.

പിന്നീട് അന്വേഷണത്തിനൊടുവിൽ സ്ഥലത്ത് അങ്ങനെയൊരു അപകടം നടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും വീഡിയോ വ്യാജമാണെന്ന് തെളിയുകയുമായിരുന്നു. അതിനു ശേഷം നടന്ന സൈബർ പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ ഇപ്പോൾ പിടികൂടാനായത്.