ഈ രാജ്യത്ത് തുടക്കകാരുടെ ശമ്പളം എത്ര? വെളിപ്പെടുത്തി ഇന്ത്യന്‍ യുവാവ്
ടോക്കിയോ: സ്ത്രീകളോട് പ്രായവും പുരുഷന്‍മാരോട് ശമ്പളവും എത്രയാണെന്ന് ചോദിക്കരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ അതൊക്കെ പണ്ട് എന്നാണ് പുതിയ തലമുറ പറയുന്നത്. പഠനം പൂര്‍ത്തിയാക്കിയാല്‍ വിദേശത്ത് ജോലി എന്നതാണ് മിക്ക ചെറുപ്പക്കാരുടേയും ആഗ്രഹം. പിന്നെ അവിടെ നിന്ന് തന്നെ വിവാഹം കഴിച്ച് ലൈഫ് സെറ്റില്‍ ചെയ്യുക. കേരളത്തിലെ യുവാക്കളുടെ ഇടയില്‍ ഉള്‍പ്പെടെ ഈ ട്രെന്‍ഡ് വ്യാപകമാണ്.
വിദേശത്ത് ജോലി ചെയ്യുന്ന ഒരു യുവ എഞ്ചിനീയറുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തന്റെ പ്രതിമാസ ശമ്പളത്തെക്കുറിച്ചാണ് യുവാവ് വീഡിയോയില്‍ പറയുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്.
ഒരു ഫ്രെഷര്‍ എന്ന നിലയില്‍ തന്റെ പ്രതിമാസ അടിസ്ഥാന ശമ്പളം 2,35,000 യെന്‍ (ഏകദേശം 1.35 ലക്ഷം രൂപ) ആണെന്ന് വിക്കി വീഡിയോയില്‍ പറയുന്നു. മറ്റ് കിഴിവുകളെല്ലാം കുറച്ചശേഷം 1,75,000 യെന്‍ (ഏകദേശം 1 ലക്ഷം രൂപ) കയ്യില്‍ കിട്ടും. എന്നാല്‍, ജപ്പാനിലെ ഉയര്‍ന്ന ജീവിതച്ചെലവ് കണക്കിലെടുക്കുമ്പോള്‍ ഈ തുക പര്യാപ്തമാണോയെന്ന് ചിലര്‍ ചോദിച്ചു.
ജാപ്പനീസ് ഭാഷാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ പിഴയായി പ്രതിമാസം 20,000 യെന്‍ (11,500 രൂപ) ഇപ്പോള്‍ കുറയ്ക്കുന്നുണ്ട്. ആദായനികുതി, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ നിര്‍ബന്ധിത കിഴിവുകളുമുണ്ട്. ഇതെല്ലാം കിഴിച്ച് കയ്യില്‍ ഏകദേശം ഒരു ലക്ഷം രൂപ ലഭിക്കുമെന്ന് അദ്ദേഹം പറയുന്നു. യുവാവിന്റെ വീഡിയോയിലെ കമന്റ് ബോക്‌സില്‍ സംശയവുമായി നിരവധിപേരാണ് എത്തുന്നത്. ജപ്പാനിലെ ജീവിത ചെലവുകളെക്കുറിച്ചാണ് ഭൂരിഭാഗം ആളുകളുടേയും സംശയം.