കളിയാട്ടത്തിനു കുല കൊത്തി
കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്ന് വിഷ്ണുചാമണ്ഡേശ്വരി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം 27 മുതൽ ഡിസംബർ ഒന്നുവരെ നടക്കും. മുന്നോടിയായി ക്ഷേത്ര ആചാര സ്ഥാനികർ, ക്ഷേത്രം പ്രസിഡന്റ് ജനാർദ്ദനൻ കുന്നരുവത്ത്, സെക്രട്ടറി ദിനേശൻ താനത്തിങ്കാൽ, ട്രഷറർ ചന്ദ്രൻ കൊളവയൽ, ആഘോഷ കമ്മിറ്റി പ്രസിഡന്റ് അനീഷ് കൊവ്വൽ, സെക്രട്ടറി രമേശൻ മഡിയൻ, ട്രഷറർ ചന്ദ്രൻ പൊയ്യക്കര ക്ഷേത്രം, ആഘോഷ കമ്മിറ്റി ഭാരവാഹികൾ, മറ്റ് ഭക്തജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കുലകൊത്തൽ ചടങ്ങ് നടന്നു. ക്ഷേത്രപരിധിയിലെ ഏഴ് പ്രാദേശിക സമിതികളിൽ നിന്നുള്ള കലവറ നിറയ്ക്കൽ ചടങ്ങ് 27ന് നടക്കും. രാത്രി 7ന് ഉത്സവത്തിനു തുടക്കം കുറച്ചുകൊണ്ട് വാരിക്കാട്ടപ്പൻ മഹിഷ മർദ്ദിനി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവരും. പൂമാരുതൻ, രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂർത്തി, പടിഞ്ഞാറേ ചാമുണ്ഡി, ഗുളികൻ തുടങ്ങിയ തെയ്യങ്ങൾ അരങ്ങിലെത്തും. എല്ലാ ദിവസവും അന്നദാനവും ഉണ്ടാകും.