ഹൈക്കോടതി പറഞ്ഞിട്ടും ക്ഷേത്രഭൂമി ഏറ്റെടുക്കാതെ കൊച്ചിൻ ദേവസ്വം, നിർദ്ധന കുടുംബത്തിന്റെ നിയമ പോരാട്ടം നിഷ്ഫലം

Wednesday 19 November 2025 1:33 AM IST

കൊച്ചി: സ്വന്തം വീട് നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഇഷ്ടദേവതയ്‌ക്കു വേണ്ടി നിർധനകുടുംബം നിയമയുദ്ധം നടത്തി നേടിയ 4.81 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിൻമേൽ കൊച്ചി​ൻ ദേവസ്വം ബോർഡ് അടയി​രി​ക്കാൻ തുടങ്ങിയിട്ട് 20 വർഷം. 50 കോടി​യി​ലേറെ രൂപ മൂല്യമുള്ളതാണ് പള്ളുരുത്തി​ തഴുപ്പ് വടക്ക് രാമൻകുട്ടി ഭാഗവതർ റോഡിലെ അഴകി​യകാവ് ഭഗവതി​ ക്ഷേത്രം വക ഭൂമി​. ക്ഷേത്രത്തിൽനിന്ന് രണ്ടു കിലോമീറ്ററോളം അകലെയുള്ള ഈ ഭൂമിയിൽ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിട്ടും ബോർഡ് തിരിഞ്ഞുനോക്കുന്നില്ല.

ജി​ല്ലാ കളക്ടർ വഴി ഭൂസംരക്ഷണ നി​യമം ഉൾപ്പെടെ വിനിയോഗിച്ച് എത്രയും വേഗം കൈയേറ്റക്കാരെ ഒഴി​പ്പി​ച്ച് ഭൂമി​ ഏറ്റെടുക്കണമെന്ന് ജസ്റ്റി​സ് എസ്. ശങ്കരസുബ്ബനും കെ.ആർ. ഉദയഭാനുവും ഉൾപ്പെട്ട ഡി​വി​ഷൻ ബെഞ്ചാണ് 2005 മാർച്ച് 5ന് ഉത്തരവി​ട്ടത്. ലാൻഡ് ട്രൈ​ബ്യൂണലി​ൽ നി​ന്ന് പർച്ചേസ് സർട്ടി​ഫി​ക്കറ്റ് വാങ്ങി​യ ചിലരെ ഒഴി​പ്പി​ക്കാൻ സാധി​ച്ചേക്കി​​ല്ലെങ്കി​ലും നടപടി​കൾ വൈകരുതെന്ന് ഉത്തരവി​ൽ പറഞ്ഞിരുന്നു.

പള്ളുരുത്തി​ സ്വദേശി​കളായ എം.കെ. നാരായണനും മകൻ

ബാബു മോഹനും മരുമകൾ ജലജാ ബാബുമോഹനുമാണ് കേസ് നടത്തി​വന്നത്. കൈയേറ്റക്കാരായ 20 പേരും കക്ഷി​ ചേർന്നി​രുന്നു. ഇവരാരും അപ്പീലുമായി സുപ്രീംകോടതിയിൽ പോയിട്ടില്ല. അനുകൂല വിധിയുണ്ടായെങ്കിലും ഫലം കാണാനാകാതെ നാരായണനും ബാബുവും മരിച്ചു. ഇടി​ഞ്ഞുവീഴാറായ വീട്ടി​ൽ ജലജ മാത്രമാണ് താമസം. മാറിയാൽ ഈ ഭൂമിയും കൈയേറിപ്പോകുമെന്ന ചിന്തയിലാണ് പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ താമസം തുടരുന്നത്.

ദേവസ്വം അറിയാതെ പർച്ചേസ് സർട്ടിഫിക്കറ്റ് വാങ്ങിയതിലും ബോർഡ് അന്വേഷണമോ നടപടിയോ എടുത്തില്ല.

​ ക്ഷേത്രം ഉപദേശക സമി​തി​യംഗമായി​രുന്ന പട്ടികജാതിക്കാരനായ ബാബുവിന്റെ വീടും ഇതേ ഭൂമി​യി​ലാണ്. വീട് നഷ്ടപ്പെട്ടാലും ഭഗവതി​യുടെ ഭൂമി​ അന്യാധീനപ്പെടരുതെന്നത് കുടുംബത്തിന്റെ തീരുമാനമായിരുന്നു.

ക്ഷേത്രത്തിന്റെ 9.5 ഏക്കർ ഭൂമിയിൽ 4.45 ഏക്കർ റവന്യൂ പുറമ്പോക്കാക്കി മാറ്റിയ ഫോർട്ടുകൊച്ചി ആർ.ഡി.ഒയു‌ടെ ഉത്തരവുകൾ രണ്ടുവട്ടം റദ്ദാക്കാൻ ഹൈക്കോടതിയിൽ നിയമയുദ്ധം നടത്തിയതും സമീപവാസിയായ ഭക്തനാണ്.