മദ്ധ്യപ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്; രഞ്ജി ട്രോഫിയില്‍ കേരളം മികച്ച നിലയില്‍
ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മദ്ധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയില്‍. 89 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ കേരളം മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയിലാണ്. കേരളത്തിന് ഇപ്പോള്‍ ആകെ 315 റണ്‍സിന്റെ ലീഡുണ്ട്. നേരത്തെ മധ്യപ്രദേശിന്റെ ആദ്യ ഇന്നിങ്‌സ് 192 റണ്‍സിന് അവസാനിച്ചിരുന്നു. കേരളം ആദ്യ ഇന്നിങ്‌സില്‍ 281 റണ്‍സായിരുന്നു നേടിയത്.
മൂന്നാം ദിവസം കളി തുടങ്ങുമ്പോള്‍ സരന്‍ഷ് ജെയിനും ആര്യന്‍ പാണ്ഡെയും ചേര്‍ന്നുള്ള കൂട്ടുകെട്ടിലായിരുന്നു മധ്യപ്രദേശിന്റെ പ്രതീക്ഷ. എന്നാല്‍ ഏദന്‍ ആപ്പിള്‍ ടോമിന്റെ ഇരട്ടപ്രഹരം തുടക്കത്തില്‍ തന്നെ അവരുടെ പ്രതീക്ഷകള്‍ തകര്‍ത്തു. നാലാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ ആര്യന്‍ പാണ്ഡെയെയും മൊഹമ്മദ് അര്‍ഷദ് ഖാനെയും ഏദന്‍ എല്‍ബിഡബ്ല്യുവില്‍ കുടുക്കി. 36 റണ്‍സായിരുന്നു ആര്യന്‍ നേടിയത്. ഇന്നലെയും ഏദന്‍ തുടരെയുള്ള രണ്ട് പന്തുകളില്‍ രണ്ട് വിക്കറ്റ് നേടിയിരുന്നു. ശുഭം ശര്‍മ്മയെയും ഹര്‍പ്രീത് സിങ്ങിനെയുമായിരുന്നു അടുത്തടുത്ത പന്തുകളില്‍ എല്‍ബിഡബ്ല്യുവില്‍ കുടുക്കിയത്.
തുടര്‍ന്നെത്തിയ കുമാര്‍ കാര്‍ത്തികേയയ്ക്കും കുല്‍ദീപ് സിങ്ങിനുമൊപ്പം ചേര്‍ന്ന് സരന്‍ഷ് ജെയിന്‍ ലീഡിനായി പൊരുതിയെങ്കിലും അധിക നേരം പിടിച്ചു നില്ക്കാനായില്ല. കുമാര്‍ കാര്‍ത്തികേയയെ ശ്രീഹരി എസ് നായര്‍ പുറത്താക്കിയപ്പോള്‍ 67 റണ്‍സെടുത്ത സരന്‍ഷ് ജെയിന്‍, നിധീഷിന്റെ പന്തില്‍ പുറത്തായി. 192 റണ്‍സിന് മധ്യപ്രദേശിന്റെ ഇന്നിങ്‌സിന് അവസാനമായി. കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം നാലും നിധീഷ് എം ഡി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. കുമാര്‍ കാര്‍ത്തികേയയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് ഏഴ് റണ്‍സെടുത്ത രോഹന്‍ മടങ്ങിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അഭിഷേക് ജെ നായരും സച്ചിന്‍ ബേബിയും ചേര്‍ന്ന് 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 30 റണ്‍സെടുത്ത അഭിഷേകിനെ കുല്‍ദീപ് സെന്‍ പുറത്താക്കി. തൊട്ടു പിറകെ രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ മൊഹമ്മദ് അസറുദ്ദീനും മടങ്ങി. സരന്‍ഷ് ജെയിനിന്റെ പന്തില്‍ ഹര്‍പ്രീത് സിങ് ക്യാച്ചെടുത്താണ് അസറുദ്ദീന്‍ പുറത്തായത്.
എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന സച്ചിന്‍ ബേബിയും ബാബ അപരാജിത്തും ചേര്‍ന്ന് മത്സരം കേരളത്തിന്റെ വരുതിയിലാക്കി. ഇരുവരും ചേര്‍ന്ന് ഇത് വരെ 144 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കളി നിര്‍ത്തുമ്പോള്‍ സച്ചിന്‍ ബേബി 85ഉം ബാബ അപരാജിത് 89ഉം റണ്‍സുമായി ക്രീസിലുണ്ട്.