വികസനം കൊണ്ടുവന്നത് തുടർഭരണം: മുഖ്യമന്ത്രി

Wednesday 19 November 2025 1:48 AM IST

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ച തുടർ ഭരണമാണ് കേരളത്തിന് വികസന നേട്ടങ്ങൾ സമ്മാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോരിച്ചൊരിയുന്ന മഴ അവഗണിച്ചും ആവേശത്തോടെ എത്തിയ അണികളെ സാക്ഷിയാക്കി എൽ.ഡി.എഫ് തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2021 ൽ യു.ഡി.എഫ് വന്നിരുന്നെങ്കിൽ ഈ നേട്ടങ്ങളിൽ നിന്ന് പിന്നോട്ടു പോകുമായിരുന്നു. 2016 ൽ യു.ഡി.എഫ് സ്ഥാനം ഒഴിയുമ്പോൾ സംസ്ഥാനം എല്ലാ മേഖലകളിലും പിന്നോട്ടായിരുന്നു.എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യം പരിശോധിച്ചത് വിവിധ മേഖലകളിലെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നായിരുന്നു. ക്ഷേമ പെൻഷൻ കുടിശിക 18 മാസത്തേത്. വ്യവസായ സൗഹൃദ സംസ്ഥാനമാക്കാൻ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തു. ചിട്ടയായ പ്രവർത്തനങ്ങൾ നടത്തി. തുടർന്ന് 2021 ൽ അധികാരത്തിലെത്തിയപ്പോൾ നിറുത്തിയ ഇടത്തു നിന്ന് മുന്നോട്ടു പോകാനായി. അതാണ് വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലകളിൽ ഒന്നാം സ്ഥാനത്ത് കേരളത്തെ എത്തിച്ചത്. അതി ദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയതു പോലെ ,ഇനി കേവല ദാരിദ്ര്യവും തുടച്ചു നീക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.സംസ്ഥാനത്ത് എൽ.ഡി.എഫിന് ലഭിച്ചതു പോലെ തിരുവനന്തപുരം നഗരസഭയ്ക്കും തുടർ ഭരണം ലഭിച്ചാൽ ഇനിയും ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു...

ന്യൂയോർക്ക് മേയർ പ്രശംസിച്ച മേയറാണ് തിരുവനന്തപുരം നഗരസഭയിലേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. മറ്റു മുന്നണികളെപ്പോലെ ലാഭം ലക്ഷ്യമിട്ടല്ല, ജനങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് എൽ.ഡി.എഫ് മുന്നേറുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. നഗരസഭയിൽ മത്സരിക്കുന്ന 101 ഇടതു സ്ഥാനാർത്ഥികളും പങ്കെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, എ.എ റഹിം എം.പി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, ആൻ്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, എം. വിജയകുമാർ, മാങ്കോട് രാധാകൃഷ്ണൻ, മറ്റു ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.