തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് 3054 പോളിംഗ് ബൂത്തുകൾ

Wednesday 19 November 2025 12:12 AM IST

പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനായി ജില്ലയിൽ സജ്ജീകരിക്കുന്നത് ആകെ 3054 പോളിംഗ് ബൂത്തുകൾ. നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഒരുക്കുന്നത്. ഓരോ പോളിംഗ് ബൂത്തിലും പരമാവധി 1300 വോട്ടർമാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പോളിംഗ് ബൂത്തിന് കുറഞ്ഞത് 20 ചതുരശ്ര മീറ്റർ വിസ്തീർണം ഉറപ്പാക്കും. കൂടാതെ, ഓരോ വാർഡിന്റെയും പരിധിയ്ക്കുള്ളിൽ തന്നെ അതിന്റെ പോളിംഗ് സ്റ്റേഷൻ സ്ഥിതി ചെയ്യും. പഞ്ചായത്തുകളിലാകെ 2749 പോളിംഗ് ബൂത്തുകളും നഗരസഭകളിൽ 305 പോളിംഗ് സ്റ്റേഷനുകളുമാണ് ജില്ലയിൽ ഉണ്ടാവുക. തിരഞ്ഞെടുപ്പിൽ എല്ലാവർക്കും പങ്കാളികളാകാൻ കഴിയുന്ന വിധത്തിൽ ഭിന്നശേഷി സൗഹൃദമായ അടിസ്ഥാന സൗകര്യങ്ങൾ ഓരോ പോളിംഗ് സ്റ്റേഷനിലും ഉറപ്പാക്കും. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും എത്തിച്ചേരാൻ സൗകര്യപ്രദമായ റാംപ് നിർബന്ധമാണ്. ആവശ്യത്തിന് ടോയ്‌ലെറ്റ്, വോട്ടർമാർക്ക് ആവശ്യമായ കുടിവെള്ളം, തടസമില്ലാത്ത വൈദ്യുതി ബന്ധം, പോളിംഗ് സ്റ്റേഷനുകളിലേക്ക് ഉദ്യോഗസ്ഥർക്ക് എത്തുന്നതിന് ആവശ്യമായ യാത്രാ സൗകര്യങ്ങൾ എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്. ജില്ലയിലെ മൊത്തം വോട്ടർമാരുടെ എണ്ണം 24.3 ലക്ഷമാണ്. മൊത്തം 24,33,379 വോട്ടർമാരിൽ 11,51,556 പുരുഷൻമാരും 12,81,800 സ്ത്രീകളും 23 ട്രാൻസ്‌ജെൻഡേഴ്സും ഉൾപ്പെടുന്നു. ഇതിനു പുറമെ, പ്രവാസി വോട്ടർപട്ടികയിൽ 87 വോട്ടർമാരുമുണ്ട്. സ്ത്രീ വോട്ടർമാരാണ് ജില്ലയിൽ ഭൂരിപക്ഷം.