മഞ്ഞപ്പിത്തം: 'യെല്ലോ ബെൽ' കാമ്പയിനുമായി ആരോഗ്യ വകുപ്പ്

Wednesday 19 November 2025 12:14 AM IST

പാലക്കാട്: ജില്ലയിൽ മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 'യെല്ലോ ബെൽ' കാമ്പയിൻ ആരംഭിച്ചു. ഭക്ഷണത്തിന് മുമ്പും ടോയ്‌ലെറ്റ് ഉപയോഗിച്ച ശേഷവും കൈകൾ വൃത്തിയായി കഴുകുക, കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക എന്നീ സന്ദേശങ്ങളാണ് ഈ കാമ്പയിൻ പ്രധാനമായും ലക്ഷ്യംവെക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ജില്ലയിൽ ഹെപ്പറ്റൈറ്റിസ് എ ആൻഡ് ഇ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത അമ്പലപ്പാറ, അലനല്ലൂർ, ചാലിശ്ശേരി, ചളവറ, കൊപ്പം എന്നീ ആരോഗ്യ ബ്ലോക്കുകളിലാണ് കാമ്പയിൻ ഊർജിതമായി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളുകൾ, കോളേജുകൾ, മറ്റ് സ്ഥാപനങ്ങൾ, രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പൊതുജന അവബോധം ശക്തമാക്കും. കാമ്പയിന്റെ ഭാഗമായി ഭക്ഷണ നിർമ്മാണവിതരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ഒറ്റപ്പാലം മുൻസിപ്പാലിറ്റിയിലെ കോൺഫറൻസ് ഹാളിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഡി.എം.ഒയും ജില്ലാ സർവയലൻസ് ഓഫീസറുമായ ഡോ. കാവ്യ കരുണാകരൻ 'മഞ്ഞപ്പിത്തവും പ്രതിരോധവും' എന്ന വിഷയത്തിലും, ടെക്നിക്കൽ അസിസ്റ്റന്റ് രാധാകൃഷ്ണൻ സി.എം. 'പൊതുജനാരോഗ്യ നിയമം 2023' എന്ന വിഷയത്തിലും ക്ലാസുകൾ എടുത്തു. ഒറ്റപ്പാലം മുൻസിപ്പൽ സെക്രട്ടറി പ്രദീപ് എ.എസ്. യെല്ലോ ബെൽ ലോഗോ പ്രകാശനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ലോക ആൻഡി മൈക്രോബിയൽ റെസിസ്റ്റന്റ് ബോധവത്കരണ വാരാചരണവുമായി ബന്ധപ്പെട്ട് ജില്ലാ നോഡൽ ഓഫീസർ ഡോ. അനീഷ് സേതുമാധവൻ ക്ലാസ് അവതരിപ്പിച്ചു. ഒറ്റപ്പാലം ഭക്ഷ്യസുരക്ഷാ വിഭാഗം സീനിയർ ക്ലർക്ക് ഗീത, ഒറ്റപ്പാലം മുനിസിപ്പാലിറ്റി ക്ലീൻ സിറ്റി മാനേജർ വിസ്മൽ.ഇ.പി, എഡ്യുക്കേഷൻ മീഡിയ ഓഫീസർമാരായ സയന.എസ്, രജീന രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) പാലക്കാടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ കൊപ്പം, ചാലിശ്ശേരി, അമ്പലപ്പാറ, അലനല്ലൂർ, ചളവറ പ്രദേശങ്ങളിലെ ഭക്ഷണ നിർമ്മാണ വിതരണ മേഖലയിലുള്ളവരും ലക്കിടി കുടുംബാരോഗ്യ കേന്ദ്രത്തിലെയും ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെയും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.