കേരളത്തിലെ ഹോട്ടലുകള്‍ ഈ രീതി വ്യാപകമാക്കുന്നു, കോളടിക്കുന്നത് സാധാരണക്കാരന്; തിരിച്ചടി ഇവര്‍ക്ക്

Tuesday 18 November 2025 9:26 PM IST

തിരുവനന്തപുരം: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടാത്ത മലയാളികളില്ല. ഇപ്പോഴാണെങ്കില്‍ ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളില്‍ നേരിട്ട് പോകേണ്ട ആവശ്യവുമില്ല. ചോദിക്കുന്ന പണം കൊടുത്താല്‍ ഇഷ്ട ഹോട്ടലിലെ മെനുവിലെ വിഭവങ്ങള്‍ വീട്ടിലെ തീന്‍മേശയിലെത്തും. ഈ 'ചോദിക്കുന്ന പണം' വളരെ കൂടുതലാണെന്നതാണ് വാസ്തവം. നഗരങ്ങളിലെ ഗതാഗതക്കുരുക്കിലും ഹോട്ടലിലെ കാത്തിരിപ്പിനും സമയം പാഴാക്കണ്ട എന്നത് മാത്രമാണ് ഭക്ഷണം ഓണ്‍ലൈന്‍ വിതരണക്കാര്‍ മുഖേന വാങ്ങുന്നതുകൊണ്ടുള്ള ലാഭം.

ഓണ്‍ലൈന്‍ വഴി ഭക്ഷണം വാങ്ങുമ്പോള്‍ ഹോട്ടല്‍ ഉടമകള്‍ക്കും ഭക്ഷണം വാങ്ങുന്നവര്‍ക്ക് അധിക സാമ്പത്തിക ബാദ്ധ്യതയാണ് വന്നുചേരുന്നത്. ഓരോ തവണ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോഴും 100 മുതല്‍ 150 രൂപ വരെയാണ് ഉപഭോക്താവ് അധികമായി നല്‍കേണ്ടി വരിക ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന്റെ അളവ് അനുസരിച്ച് ഈ തുകയില്‍ വര്‍ദ്ധനവുണ്ടാകും. ഉദാഹരണത്തിന് ഒരു ബിരിയാണി വാങ്ങുകയാണെന്ന് സങ്കല്‍പ്പിക്കുക. ഹോട്ടലില്‍ നിന്ന് 110 രൂപ വിലയിടുന്ന ബിരിയാണിക്ക് വിതരണക്കാര്‍ തങ്ങളുടെ വെബ്‌സൈറ്റിലും ആപ്പിലും കാണിക്കുന്നത് 160 രൂപ മുതല്‍ മുകളിലേക്കായിരിക്കും.

ഇതിനോടൊപ്പം ഡെലിവറി ചാര്‍ജും മറ്റ് ചാര്‍ജുകളും ചേര്‍ത്ത് 200 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ഹോട്ടല്‍ ഉടമയില്‍ നിന്ന് ബിരിയാണി വാങ്ങിയ 110 എന്ന നിരക്കില്‍ നിന്നും കമ്മീഷന്‍ കഴിച്ചുള്ള തുകയാണ് ഉടമയ്ക്ക് ലഭിക്കുക. ബിസിനസ് കൂടുതല്‍ കിട്ടുമെന്നതിനാലാണ് പല ഹോട്ടലുടമകളും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 'രജിസ്‌ട്രേഷന്‍ സൗജന്യമാണെങ്കിലും പിന്നീട് ഭക്ഷണം വിതരണം ചെയ്യുന്നതിന് അനുസരിച്ച് കമ്മീഷന്‍ നല്‍കേണ്ടി വരുമ്പോള്‍ അത് തങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുന്നുവെന്നാണ്' തിരുവനന്തപുരം നഗരത്തിലെ ഒരു ഹോട്ടലുടമയായ വിഷ്ണു പറയുന്നത്.

അതേസമയം, കേരളത്തിലെ നഗരങ്ങളിലും ടൗണുകളിലും ഇപ്പോള്‍ പല ഹോട്ടലുകളും പുതിയ ഒരു രീതി സ്വീകരിച്ചിട്ടുണ്ട്. സ്വന്തമായി ജീവനക്കാരെ നിയമിച്ച ശേഷം ഹോട്ടലില്‍ നിന്ന് മറ്റ് ഇടനിലക്കാരില്ലാതെ ഭക്ഷണം എത്തിക്കുന്നതാണ് ഈ രീതി. നേരത്തെ വലിയ ശൃംഖലയുള്ളവര്‍ മാത്രമാണ് ഇത് പിന്തുടര്‍ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സാധാരണ ഹോട്ടല്‍ ഉടമകള്‍ പോലും ഈ ട്രെന്‍ഡിന് പിന്നാലെയാണ്.

വിലയിലെ വ്യത്യാസം ഇങ്ങനെ

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം: പൊറോട്ട: 5 എണ്ണം, ഹാഫ് പ്ലേറ്റ് ചിക്കന്‍ അല്‍ ഫാം

ഇതിനായി ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പിന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോള്‍ നല്‍കേണ്ടത് 610 രൂപ. ഹോട്ടലില്‍ നേരിട്ട് വിളിച്ച് അവരുടെ തന്നെ ഡെലിവറി ടീം മുഖേന ഓര്‍ഡര്‍ ചെയ്തപ്പോള്‍ നല്‍കേണ്ടത് 462 രൂപ മാത്രം. ഒരേ ഹോട്ടലിലെ ഭക്ഷണം രണ്ട് രീതിയില്‍ ഓര്‍ഡര്‍ ചെയ്യുമ്പോഴുള്ള വ്യത്യാസം 148 രൂപ.