ഇടതു കോട്ട ജന മനസിൽ

Wednesday 19 November 2025 12:38 AM IST
എം.മെഹ്ബൂബ്

കോഴിക്കോട് കോർപ്പറേഷനും ജില്ലാ പഞ്ചായത്തിനും ഒരിളക്കവും ഉണ്ടാവില്ല. കോട്ടപൊളിക്കും, പിടിക്കും എന്നൊക്കെ ചിലർ അവകാശപ്പെടുന്നുണ്ട്. ഞങ്ങൾ കോഴിക്കോടിന് ചുറ്റും ഒരു കോട്ടയും കെട്ടിയിട്ടില്ല. പിന്നെ, കെട്ടിയിട്ടില്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. പക്ഷേ, അത് ജനങ്ങളുടെ മനസിലാണ്. ഇവിടുത്തെ 30 ലക്ഷത്തോളം വരുന്ന വോട്ടർമാർ കഴിഞ്ഞ കാലങ്ങളിലെല്ലാം ഇടതുപക്ഷത്തിന് സമർപ്പിച്ച ഉറച്ച വോട്ടുകളാണ് ഇവർ പറയുന്ന കോട്ട. അതെന്തായാലും തകരില്ല. വർഷം കുറേയായില്ലേ കോർപ്പറേഷനും ജില്ലാപഞ്ചായത്തും ഇടതുപക്ഷം ഭരിക്കാൻ തുടങ്ങിയിട്ട്. കൊള്ളാത്ത ഭരണമാണെങ്കിൽ പ്രബുദ്ധരായ വോട്ടർമാർ പിന്നെയും പിന്നെയും അധികാരത്തിലേറ്റുമോ.,,?

@ ഒരു തർക്കവുമില്ലാതെ

സ്ഥാനാർത്ഥി നിർണയം

സ്ഥാനാർത്ഥി നിർണയത്തിനിടെ കോൺഗ്രസിലും ലീഗിലും എത്ര പേർ രാജിവെച്ചു. മുന്നണിയിലെ ചെറുതും വലുതുമായ കക്ഷികളേയെല്ലാം മുഖവിലക്കെടുത്തും പ്രാധാന്യം നൽകിയുമാണ് എൽ.ഡി.എഫ് പഞ്ചായത്തുകൾ മുതൽ കോർപ്പറേഷൻ വരെ സീറ്റുവിഭജനം നടത്തിയത്.

@ വി.എം വിനുവിന്റെ വോട്ട്

തള്ളിക്കാൻ പോയിട്ടില്ല

വി.എം വിനുവിനെ മേയർ സ്ഥാനാർത്ഥിയാക്കി അവതരിപ്പിക്കുമ്പോൾ മിനിമം കോൺഗ്രസുകാർ അദ്ദേഹത്തിന് വോട്ടുണ്ടോ എന്നെങ്കിലും പരിശോധിക്കേണ്ടേ. ഞങ്ങളാരും ഒരിടത്തും പരാതി നൽകിയിട്ടില്ല. അവരുടെ പിടിപ്പുകേടാണ് കാരണം. ഇടതുപക്ഷം ഒരുകാലത്തും മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മത്സരിക്കാറില്ല. വോട്ടെണ്ണിത്തീരട്ടെ, ആപ്പോൾ ആലോചിക്കും ആരാവണം മേയറെന്ന്.

@ വിജയം സർക്കാരിന്റെ

നേട്ടങ്ങൾക്കുള്ള സമ്മാനം കൂടിയാവും

കേരള ചരിത്രത്തിൽ ആദ്യമായിട്ട് 10വർഷം തികയ്ക്കാൻ പോകുന്ന സർക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളത്. സർക്കാർ ഇത്രയും കാലം നടത്തിയ ജനകീയ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഗുണകരമാവും.

എം.മെഹ്ബൂബ് സി.പി.എം ജില്ലാ സെക്രട്ടറി