താേരണങ്ങളെല്ലാം റെഡി തങ്കച്ചന്റെ കടയിൽ
- 250 രൂപയ്ക്ക് ഇ.വി മാതൃകയും
കോഴിക്കോട്: തങ്കച്ചന് രാഷ്ട്രീയമുണ്ട്; പക്ഷേ, കച്ചവടത്തിലില്ല. കൊടിതോരണങ്ങൾ, ചിഹ്നങ്ങൾ എന്തുമാകട്ടെ മുന്ന ണി വ്യത്യാസമില്ലാതെ തങ്കച്ചന്റെ കടയിൽ എല്ലാം റെഡി. തിരഞ്ഞെടുപ്പായതോടെ കോഴിക്കോട് പാളയം മുഹ്‌യുദ്ദീൻ മസ്ജിദ് ബസാറിലെ കടയിൽ വലിയ തിരക്കാണ്. കോഴിക്കോട് മാത്രമല്ല, വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിൽ നിന്നുവരെ ആവശ്യക്കാരുണ്ട്.
വിവിധ വലിപ്പത്തിലുള്ള കൊടികളും ചിഹ്നമുള്ള ടീ ഷർട്ടും തൊപ്പിയും ഷാളുമൊക്കെ ഇവിടെ കിട്ടും. തിരഞ്ഞെടുപ്പ് തോരണങ്ങൾക്കു പുറമെ, സ്വാതന്ത്ര്യ ദിനാഘോഷം, നബിദിനം എന്നിവയെല്ലാം കളറാക്കാൻ തോരണങ്ങൾ ഇവിടെയുണ്ട്.
അറുപത്തിമൂന്നുകാരനായ തൃശൂർ കുന്നംകുളം പഴഞ്ഞി സ്വദേശി തങ്കച്ചൻ 15 കൊല്ലമായി ഈ കച്ചവടം നടത്തുന്നു. 2002ൽ കോഴിക്കോട്ട് സി.പി.എം പാർട്ടി കോൺഗ്രസ് നടന്നപ്പോൾ തിരുപ്പൂരിൽ നിന്ന് 50,000 കൊടികളെത്തിച്ചു കൊടുത്തതോടെയാണ് മേഖലയിൽ സജീവമായത്. പതിറ്റാണ്ടുകൾക്ക് മുമ്പ് കോഴിക്കോട്ടെത്തിയ തങ്കച്ചൻ കുന്നംകുളത്ത് നിന്ന് നോട്ടുബുക്കുകൾ കോഴിക്കോട്ടെത്തിച്ച് വിറ്റിരുന്നു. ആബേൽ ബുക്സ് എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. പിന്നീട് കമ്പനി നോട്ട്ബുക്കുകൾ വിപണിയിലെത്തിയതോടെ കച്ചവടം കുറഞ്ഞു. കോഴിക്കോട്ട് ഒരു സ്റ്റേഷനറി കടയിലും ജോലി ചെയ്തു. പിന്നീട് സ്വന്തമായി സ്റ്റേഷനറി കട തുടങ്ങി. ഭാര്യ: റാഹേൽ. മക്കൾ: സാംസൺ, സ്റ്റെഫി. കുടുംബസമേതം മകന്റെ കൂടെ കോഴിക്കോട്ടാണ് താമസം.
ബിസിനസ് എപ്പോഴും
സ്കൂൾ പ്രവേശനോത്സവം, സ്വാതന്ത്ര്യ ദിനാഘോഷം, നബിദിനം, കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ എന്നിവയ്ക്കെല്ലാം നല്ല കച്ചവടമുണ്ടാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പ്രതിദിനം ശരാശരി 30,000 രൂപയുടെ ബിസിനസുണ്ടാകും. തീരെ കച്ചവടമില്ലാത്ത ദിവസങ്ങളുമുണ്ടാകാറുണ്ട്. തിരുപ്പൂരിൽ നിന്ന് ട്രെയിനിൽ ഉരുപ്പടികൾ കോഴിക്കോട്ടെത്തും.
ഇ.വി മാതൃകയും
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ മാതൃകയും കടയിലുണ്ട്. ഓരോ ബട്ടണിൽ അമർത്തുമ്പോൾ ബീപ് ശബ്ദം കേൾപ്പിക്കും. വോട്ടർമാരെ പരിചയപ്പെടുത്താൻ പാർട്ടിക്കാർ ഇതും വാങ്ങാറുണ്ട്. വോട്ടേഴ്സ് സ്ളിപ്പുമുണ്ട്.
- ഇനം, വില (രൂപയിൽ)
വോട്ടിംഗ് മെഷീൻ....250
ചെെനീസ് കൊടി....30
ഷാൾ....35 രൂപ
കൊടി....15
വലുത്.....25
ടീ ഷർട്ട്....100
തൊപ്പി....10
സൺഷെയ്ഡ്....100
(50 എണ്ണത്തിന്)