60 വർഷമായ ദുരിതം: വയോധികനെ ആശുപത്രിയിലെത്തിച്ചത് കസേരയിൽ ചുമന്ന്

Wednesday 19 November 2025 1:20 AM IST

ചോറ്റാനിക്കര: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ മാന്തുരുത്തേൽ നിവാസികൾ 60 വർഷത്തോളമായി അനുഭവിക്കുന്ന യാത്രാദുരിതത്തിന്റെ നേർക്കാഴ്ച വീണ്ടും പുറത്തുവന്നു. കടുത്ത ശ്വാസംമുട്ടും പനിയുമായി അവശനിലയിലായ ഒരു വയോധികനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി കസേരയിൽ ഇരുത്തി നാട്ടുകാർ ചുമന്നു മെയിൻ റോഡ് വരെ എത്തിക്കേണ്ട ദയനീയ കാഴ്ചയ്ക്കാണ് നാട് സാക്ഷ്യം വഹിച്ചത്. കടുത്ത ശ്വാസംമുട്ടും പനിയുമുള്ള മാന്തുരുത്തേൽ യോഹന്നാനെയാണ് നാട്ടുകാർ ചേർന്ന് കസേരയിൽ ഇരുത്തി, ചെളിയും കുഴിയും മുട്ടോളം വെള്ളക്കെടുമുള്ള വഴിയിലൂടെ ചുമന്നുകൊണ്ട് പോയത്.

മാറിമാറി വന്ന ഒരു ഭരണകൂടവും ഈ ജനങ്ങളുടെ ദുരിതം കണ്ടില്ല. എന്നാൽ, അഞ്ച് വർഷത്തിലൊരിക്കൽ വോട്ട് ചോദിച്ച് എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഈ വഴിയെത്താറുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായതുകൊണ്ടാണോ അടിസ്ഥാന സൗകര്യം നിഷേധിക്കപ്പെടുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു.

മഴക്കാലത്ത് ഇരട്ടിയാകുന്ന ദുരിതം

പത്തിലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ തുരുത്തിൽ നിന്ന് പ്രധാന റോഡിലേക്ക് എത്താൻ ഏകദേശം 100 മീറ്ററിലധികം ദൂരം രോഗികളെയും ഗർഭിണികളെയും ചുമന്നുകൊണ്ട് പോകേണ്ട ഗതികേടാണ് വർഷങ്ങളായി ഇവിടെയുള്ളത്. മഴക്കാലത്ത് സ്ഥിതി കൂടുതൽ വഷളാകും.

വെള്ളപ്പൊക്കം, ഇഴജന്തുക്കളുടെ ശല്യം എന്നിവ കാരണം ജീവൻ പണയം വെച്ചാണ് ഇവർ ഓരോ ആവശ്യങ്ങൾക്കും യാത്ര ചെയ്യുന്നത്.

 അത്യാവശ്യ ഘട്ടങ്ങളിൽ വാഹനം വീട്ടുമുറ്റത്തേക്ക് എത്തിക്കാൻ സാധിക്കാത്തത് പലപ്പോഴും വലിയ പ്രതിസന്ധിയുണ്ടാക്കുന്നു.

പിന്നോക്കക്കാരായ ജനങ്ങൾക്ക് ഒരു യാത്രാമാർഗ്ഗം ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണം

പ്രദേശവാസികൾ